കണ്ണൂർ: ടൈപ്പിസ്റ്റ് തസ്തികയിൽ ജോലി കാത്തിരിക്കുന്നവർക്ക് പാരയായി ഇതരവകുപ്പുകളിലേക്കുള്ള ജീവനക്കാരുടെ പുനർവിന്യാസം. സെപ്തംബർ 16 ലെ മന്ത്രിസഭാ തീരുമാന പ്രകാരമാണ് കമ്പ്യൂട്ടർവത്കരിച്ച വകുപ്പുകളിലെ ടൈപ്പിസ്റ്റ് തസ്തികയിലുള്ളവരെ പുനർവിന്യസിക്കുന്നത്. സർക്കാർ തീരുമാനത്തിനെതിരെ ഉദ്യോഗാർത്ഥികളിൽനിന്ന് വ്യാപക പ്രതിഷേധം ഉയരുന്നു.

നാമമാത്രമായ തസ്തികകളേ ടൈപ്പിസ്റ്റുകൾക്ക് നിലവിലുള്ളൂവെന്നാണ് പറയുന്നത്. ഇതിലെ ഒഴിവുകളിൽ പ്രതീക്ഷയർപ്പിച്ച് പി.എസ്.സി റാങ്ക് ലിസ്റ്റിൽ കയറിപ്പറ്റി പ്രതീക്ഷയോടെ കാത്തിരിക്കുന്നവരാണ് പ്രതിസന്ധിയിലാകുന്നത്. ആർ.ടി.ഒ, ജി.എസ്.ടി,​ ഇറിഗേഷൻ വകുപ്പുകളിൽ ടൈപ്പിസ്റ്റ് തസ്തിക വെട്ടി ചുരുക്കിയതോടെ ഒഴിവുകൾ റിപ്പോർട്ട് ചെയ്യുന്നുമില്ല. മറ്റ് വകുപ്പുകളിലും ഈ സ്ഥിതി തുടർന്നാൽ നിലവിലുള്ള റാങ്ക് ലിസ്റ്റിൽ നിന്നും നിയമനം നടക്കുകയില്ല. സംസ്ഥാനത്തെ കൊമേഴ്ഷ്യൽ ഇൻസ്റ്റിറ്റ്യൂട്ട്, വി.എച്ച്.എസ്.ഇ, പോളിടെക്‌നിക്, കെ.ജി.ടി.ഇ ടൈപ്പ് റൈറ്റിംഗ് ഇൻസ്റ്റിറ്റ്യൂട്ടുകളിൽനിന്നും പഠിച്ചിറങ്ങുന്ന പതിനായിരക്കണക്കിന് ഉദ്യോഗാർത്ഥികൾക്ക് സർക്കാർ സർവീസിൽ മാത്രമേ ജോലി സാധ്യത ഉള്ളൂ.

സർക്കാർ സംവിധാനത്തിൽ ടൈപ്പിസ്റ്റ് തസ്തികയുടെ പേര് കമ്പ്യൂട്ടർ അസിസ്റ്റന്റ് എന്ന് മാറ്റുവാൻ പത്താം ശമ്പള റിവിഷൻ കമ്മീഷൻ ശുപാർശ ഇതുവരെ നടപ്പാക്കിയിട്ടില്ല. പരിഷ്‌കരിച്ച സിലബസ് പ്രകാരം കമ്പ്യൂട്ടർ പരിജ്ഞാനം നേടിയ ഉദ്യോഗാർത്ഥികളാണ് ഇവിടങ്ങളിൽ നിന്നും പഠിച്ചിറങ്ങുന്നത്. വാട്ടർ അതോറിറ്റിയിൽ ഇതിനകം 52 തസ്തിക ഇല്ലാതാക്കിയിരുന്നു. എസ്.എസ്.എൽ.സി കൂടാതെ ഇംഗ്ലീഷ്, മലയാളം ടൈപ്പിംഗ് യോഗ്യത, കമ്പ്യൂട്ടർ വേർഡ് പ്രോസസ്സിംഗ് എന്നിവ ഈ തസ്തികയിൽ ആവശ്യമാണ്. ഒരു എൽ.ഡി ക്ലാർക്കിന് വേണ്ടുന്നതിൽ കൂടുതൽ യോഗ്യത ആണിത്. ടൈപ്പിസ്റ്റ് യോഗ്യത ഉള്ള എണ്ണായിരത്തിൽ അധികം ഉദ്യോഗാർത്ഥികൾ പല റാങ്ക് ലിസ്റ്റുകളിലായി ഉൾപെടും.

ജോലിയുണ്ടെങ്കിലും യോഗ്യരായവരെ വേണ്ട

ഗ്രാമപഞ്ചായത്ത് ഒഴികെ സർക്കാർ വകുപ്പുകൾ, അർദ്ധ സർക്കാർ, കമ്പനി ബോർഡുകളിൽ കമ്പ്യൂട്ടർ പരിജ്ഞാനം ഉള്ള ടൈപ്പിസ്റ്റ് ജീവനക്കാർ ജോലി ചെയ്യുന്നുണ്ട്. സ്ഥിരം ടൈപ്പിസ്റ്റ് തസ്തിക പഞ്ചായത്തുകൾ ആവശ്യപ്പെട്ടിട്ടും കുറഞ്ഞ ശമ്പള സ്‌കെയിൽ ഉള്ള ഈ തസ്തിക പരിഗണിക്കാൻ സർക്കാർ തയ്യാറായിട്ടില്ല. ഓരോ പഞ്ചായത്തും മാസം അമ്പതിനായിരത്തിൽ അധികം രൂപ ഇത്തരം ജോലിക്കായി ചെലവാക്കുന്നുണ്ട്. മലയാളം ഭരണ ഭാഷ ആക്കുകയും, സർക്കാർ സംവിധാനം കമ്പ്യൂട്ടർ വൽക്കരിക്കുകയും ചെയ്ത സാഹചര്യത്തിൽ കമ്പ്യൂട്ടർ പരിജ്ഞാനം ഉള്ള ടൈപ്പിസ്റ്റ് കമ്പ്യൂട്ടർ അസിസ്റ്റന്റ് തസ്തിക വെട്ടിചുരുക്കുന്ന നടപടി റദ്ദ് ചെയ്യണമെന്നാണ് ഉദ്യോഗാർത്ഥികൾ ആവശ്യപ്പെടുന്നത്.