mla
പടം ..പള്ളിക്കര ഗ്രാമപഞ്ചായത്തിലെ റോഡ് പുനരുദ്ധാരണ പ്രവൃത്തികളുടെ ഉദ്‌ഘാടനം കെ .കുഞ്ഞിരാമൻ എം എൽ എ ഉദ്‌ഘാടനം ചെയ്യുന്നു. ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് പി ഇന്ദിര സമീപം.

കാസർകോട്: വികസന പ്രവർത്തനങ്ങൾ നടപ്പിലാക്കുന്നതിൽ മാതൃകയാവുകയാണ് പ്രസിഡന്റ് പി. ഇന്ദിരയുടെ നേതൃത്വത്തിലുള്ള പള്ളിക്കര ഗ്രാമപഞ്ചായത്ത് ഭരണസമിതി. രാഷ്ട്രീയത്തിന് അതീതമായി പ്രതിപക്ഷത്തെയും വിശ്വാസത്തിലെടുത്തുള്ള വികസന പദ്ധതികളാണ് പള്ളിക്കരയിൽ നടപ്പിലാക്കുന്നത്. എല്ലാ വാർഡുകളിലും തുല്യവികസനം വേണമെന്ന ഭരണസമിതിയുടെ നയത്തിന് പ്രത്യക്ഷ ഉദാഹരണമാണ് ഒറ്റ ദിവസം അഞ്ചു ഗ്രാമീണ റോഡുകളുടെ പുനരുദ്ധാരണത്തിന് തുടക്കം കുറിച്ചതിൽ കണ്ടത്.

മുഖ്യമന്ത്രിയുടെ തദ്ദേശ റോഡ് പുനരുദ്ധാരണ പദ്ധതിയിൽ ഉൾപ്പെടുത്തിയാണ് അഞ്ചു ഗ്രാമീണ റോഡുകളുടെ പ്രവൃത്തി ഉദ്ഘാടനം കഴിഞ്ഞ ദിവസം നടന്നത്. കെ. കുഞ്ഞിരാമൻ എം.എൽ.എ അഞ്ചു പ്രവൃത്തികളുടെയും ഉദ്ഘാടനം നിർവ്വഹിച്ചു. ദേവീ ഹൗസ് റോഡ് (10 ലക്ഷം), പാക്കം കൂട്ടക്കനിമുക്കൂട് റോഡ് ( 45 ലക്ഷം), പാക്കം ചരൽക്കടവ്മൗവ്വൽ റോഡ് ( 10 ലക്ഷം ), തച്ചങ്ങാട് കാനത്തുംകൈ റോഡ് (മൂന്നര ലക്ഷം), മുനിക്കൽ കായക്കുന്ന് കാപ്പിക്കടവ് റോഡ് (23 ലക്ഷം) എന്നീ റോഡുകളുടെ പുനരുദ്ധാരണ പ്രവൃത്തിയാണ് തുടങ്ങിയത്. 23 ലക്ഷം ചെലവിൽ നിർമ്മിക്കുന്ന കരിച്ചേരി വയൽ റോഡിന്റെ പ്രവൃത്തി ഉദ്ഘാടനവും ഉടനെ നടക്കും. പഞ്ചായത്ത് പ്രസിഡന്റ് പി. ഇന്ദിര അദ്ധ്യക്ഷത വഹിച്ചു. വികസന സ്റ്റാൻഡിംഗ് കമ്മറ്റി ചെയർപേഴ്സൺ പി. ലക്ഷ്മി, കമ്മിറ്റി മെമ്പർ വിനോദ് പനയാൽ, വാർഡ് മെമ്പർമാരായ പി.കെ അബ്ദുല്ല, കെ. രവീന്ദ്രൻ, വി. കുഞ്ഞമ്പു, ഇ.പി.എം ഷാഫി, പി. മുഹമ്മദ് കുഞ്ഞി എന്നിവരും ചടങ്ങുകളിൽ സംബന്ധിച്ചു.


പള്ളിക്കര ഗ്രാമപഞ്ചായത്തിലെ റോഡ് പുനരുദ്ധാരണ പ്രവൃത്തികളുടെ ഉദ്ഘാടനം കെ. കുഞ്ഞിരാമൻ എം.എൽ.എ ഉദ്ഘാടനം ചെയ്യുന്നു