കണ്ണൂർ: ദേശീയപാതയിൽ തിരക്കേറിയതോടെ മിക്ക സമയങ്ങളിലും വളപട്ടണത്ത് ഗതാഗതക്കുരുക്ക്. അഴിയാക്കുരുക്കിന് കുപ്രസിദ്ധിയാർജ്ജിച്ച വളപട്ടണം പാലം പ്രദേശത്താണ് കുരുക്ക് രൂക്ഷമായിട്ടുള്ളത്. കെ.എസ്.ടി.പി റോഡിൽ നിന്നും ദേശീയപാതയിലേക്ക് കയറുന്ന വാഹനങ്ങളാണ് ഗതാഗത കുരുക്കിന് ഇടയാക്കുന്നത്. ദേശീയപാതയിലെ പാതള കുഴികളും വില്ലനാണെങ്കിലും കുഴിയടക്കൽ അധികൃതർ ആരംഭിച്ചിട്ടുണ്ട്.
പാലത്തിന്റെ വടക്ക് ഭാഗത്ത് ധർമ്മശാല ഭാഗത്തുള്ള റോഡും ടോൾ ബസ് സ്റ്റോപ്പ് വരെയും കുഴികളുണ്ട്. ദേശീയപാതയിൽ ഇടതടവില്ലാതെ കടന്നുപോകുന്ന വാഹനങ്ങൾ കുഴിയിൽ വീണ് നിരങ്ങി നീങ്ങുമ്പോൾ കിലോമീറ്ററോളം നീളത്തിൽ വാഹനങ്ങളുടെ നീണ്ട നിരയാണ് ഉണ്ടാകുന്നത്. ആംബുലൻസുകൾ ഉൾപ്പെടെ കുരുക്കിലാകുന്നു. ഇതിന്റെ കൂടെ കെ.എസ്.ടി.പി റോഡിൽനിന്ന് കയറിവരുന്ന വാഹനങ്ങൾ കൂടിയാകുമ്പോൾ പിന്നീടുള്ള ദുരിതം പറയാവുന്നതിലും അപ്പുറമാണ്.
കൊയിലി ആശുപത്രി മുതൽ അനുഭവപ്പെടുന്ന കുരുക്ക് കല്ല്യാശ്ശേരി വരെ നീളുകയാണ്. ചിലനേരങ്ങളിൽ ഒരു മണിക്കൂറോളം സമയം എടുത്താണ് വാഹനങ്ങൾ കുരുക്കിൽനിന്ന് രക്ഷപ്പെടുന്നത്. വളപട്ടണം പൊലീസ് കഴിവിന്റെ പരമാവധി ശ്രമിക്കുന്നുണ്ട്.
ട്രാഫിക് സിഗ്നൽ സംവിധാനത്തിന് 'പച്ചവെളിച്ചമില്ല"
പഴയങ്ങാടി കെ.എസ്.ടി.പി റോഡ് ഗതാഗതത്തിന് തുറന്നുകൊടുത്തതോടെ ടാങ്കർ അടക്കമുള്ള ഭാരവാഹനങ്ങളെല്ലാം ഇതുവഴിയാണ് കടന്നുപോകുന്നത്. ഇതാകട്ടെ കുരുക്ക് ഇരട്ടിയാക്കാനും ഇടയാകുന്നു. കെ.എസ്.ടി.പി റോഡ് ദേശീയപാതയിൽ ചേരുന്ന സ്ഥലത്ത് ട്രാഫിക് സിഗ്നൽ സംവിധാനം നടപ്പാക്കണമെന്ന ആവശ്യത്തിനും ഇതുവരെ അംഗീകാരം ലഭിച്ചിട്ടില്ല. പയ്യന്നൂർ ഭാഗത്ത് നിന്ന് കണ്ണൂരിലേക്കുള്ള യാത്ര എന്നത് ഇപ്പോൾ ആളുകൾക്ക് പേടി സ്വപ്നമായി മാറിയിരിക്കുകയാണ്. ട്രെയിൻ സർവ്വീസ് ഇല്ലാത്തതിനാൽ മിക്ക ആളുകളും സ്വന്തം വാഹനം ഉപയോഗിച്ചാണ് യാത്ര ചെയ്യുന്നത്. ഇതാകട്ടെ വാഹനങ്ങളുടെ എണ്ണം കൂടാനും ഇടയാക്കി.