പയ്യന്നൂർ: ദീർഘകാല ആവശ്യമായിരുന്ന പയ്യന്നൂർ റീജ്യണൽ ട്രാൻസ്പോർട്ട് ഓഫീസ് യാഥാർത്ഥ്യത്തിലേക്ക്. കെ.എൽ - 86 എന്ന പുതിയ നമ്പറിൽ പയ്യന്നൂരിൽ അനുവദിച്ച സബ് ആർ.ടി ഓഫീസ് 29 ന് രാവിലെ 11 മണിക്ക് മുഖ്യമന്ത്രി ഓൺലൈനായി ഉദ്ഘാടനം ചെയ്യും. പയ്യന്നൂർ ടൗണിൽ നിന്നും ആറ് കിലോമീറ്റർ അകലെ വെള്ളൂർ പോസ്റ്റ് ഓഫീസിനടുത്തുള്ള ഒരു കെട്ടിടത്തിത്തിന്റെ മുകൾനിലയിലാണ് ഓഫീസ് പ്രവർത്തിക്കുക.
ഡ്രൈവിംഗ് ടെസ്റ്റിനും മറ്റുമായി ഓഫീസിനടുത്ത് ഏച്ചിലാം വയലിൽ സ്ഥലം കണ്ടെത്തിയിട്ടുണ്ട്. പയ്യന്നൂർ നഗരസഭയിലും സമീപ ഗ്രാമ പഞ്ചായത്തുകളിലും ഉൾപ്പെടുന്ന കരിവെള്ളൂർ, പെരളം, വെള്ളൂർ, കാങ്കോൽ, പയ്യന്നൂർ, കോറോം, രാമന്തളി, പുളിങ്ങോം, തിരുമേനി, പെരിങ്ങോം, വയക്കര, പെരിന്തട്ട, ആലപ്പടമ്പ്, വെള്ളോറ, എരമം, കുറ്റൂർ, പാണപ്പുഴ , കടന്നപ്പള്ളി, ചെറുതാഴം, കുഞ്ഞിമംഗലം , ഏഴോം, മാടായി എന്നീ വില്ലേജുകളാണ് പുതിയ ഓഫീസ് പരിധിയിൽ വരുന്നത്.
ജോ: ആർ.ടി.ഒ , മോട്ടോർ വെഹിക്കിൾ ഇൻസ്പെക്ടർ, അസി:ഇൻസ്പെക്ടർ തുടങ്ങി ഏഴ് ഉദ്യോഗസ്ഥരാണ് തുടക്കത്തിൽ ഓഫീസിൽ ഉണ്ടാകുക എന്നാണറിയുന്നത്. നേരത്തെ തളിപ്പറമ്പ് താലൂക്കിൽ ഉൾപ്പെടുന്നവർ, തളിപ്പറമ്പ് ജോ: ആർ.ടി.ഓഫീസുമായും കണ്ണൂർ താലൂക്കിന്റെ ഭാഗമായിരുന്ന കുഞ്ഞിമംഗലം പഞ്ചായത്തിലും മറ്റുമുള്ളവർ കണ്ണൂർ ആർ.ടി.ഓഫീസുമായാണ് ബന്ധപ്പെടേണ്ടിയിരുന്നത്.