പഴയങ്ങാടി: പുതിയങ്ങാടിയിൽ ഫിഷ്ലാൻഡിംഗ് സെന്റർ ആരംഭിക്കാനുള്ള നടപടികൾ തുടങ്ങുമെന്ന് ഫിഷറീസ് വകുപ്പ് മന്ത്രി ജെ. മേഴ്സിക്കുട്ടിയമ്മ പറഞ്ഞു. ഈ സർക്കാരിന്റെ കാലത്തു തന്നെ പ്രവൃത്തികൾ തുടങ്ങാനാകുമെന്നും അവർ അഭിപ്രായപ്പെട്ടു. കണ്ണൂർ-കാസർകോട് ജില്ലകളിലെ തീരദേശ റോഡുകളുടെ ഉദ്ഘാടനവും നവീകരണ പ്രവൃത്തി ഉദ്ഘാടനവും ഓൺലൈനായി നിർവഹിച്ചു സംസാരിക്കുകയായിരുന്നു മന്ത്രി. കൊവിഡ് പ്രതിസന്ധികൾക്കിടയിലും സംസ്ഥാനത്താകെ 220 കോടി രൂപ ചെലവിൽ 709 തീരദേശ റോഡുകളുടെ നവീകരണ പ്രവർത്തനങ്ങൾ പൂർത്തിയായതായും മന്ത്രി അറിയിച്ചു.
ജില്ലയിൽ പയ്യന്നൂർ, കല്യാശ്ശേരി മണ്ഡലങ്ങളിലെ 21 തീരദേശ റോഡുകളുടെ പ്രവൃത്തികളാണ് ഉദ്ഘാടനം ചെയ്തത്. കല്യാശ്ശേരി മണ്ഡലത്തിലെ ഏഴോം, മാടായി, ചെറുതാഴം, മാട്ടൂൽ, കല്യാശ്ശേരി, ചെറുകുന്ന്, പട്ടുവം എന്നീ പഞ്ചായത്ത് പരിധിയിലെ 12 റോഡുകളുമാണ് പദ്ധതിയിൽ ഉൾപ്പെട്ടിട്ടുള്ളത്. കല്യാശ്ശേരി മണ്ഡലത്തിൽ കാലവർഷ കെടുതിയിൽ തകർന്ന 12 തീരദേശ റോഡുകളുടെ നവീകരണത്തിന് അഞ്ച് കോടി രൂപയുടെ ഭരണാനുമതിയാണ് ലഭിച്ചത്.
രാമന്തളി പഞ്ചായത്ത് ഓഡിറ്റോറിയത്തിൽ നടന്ന പരിപാടിയിൽ സി. കൃഷ്ണൻ എം.എൽ.എയും ചെറുകുന്ന് പഞ്ചായത്ത് ഓഡിറ്റോറിയത്തിൽ ടി.വി രാജേഷ് എം.എൽ.എയും അദ്ധ്യക്ഷത വഹിച്ചു. പയ്യന്നൂർ നഗരസഭ അദ്ധ്യക്ഷൻ ശശി വട്ടക്കൊവ്വൽ, ഉപാദ്ധ്യക്ഷ കെ.പി ജ്യോതി, ബ്ലോക്ക് പഞ്ചായത്ത് വൈസ് പ്രസിഡന്റ് ഈശ്വരി ബാലകൃഷ്ണൻ തുടങ്ങിയവർ ചടങ്ങിൽ പങ്കെടുത്തു.