മാഹി: മൂന്ന് തലമുറകൾ കുടുംബം പുലർത്തി വന്ന പുതുച്ചേരി സംസ്ഥാനത്തെ തന്നെ ഏക പൊതുമേഖലാ വ്യവസായ സ്ഥാപനമായ മാഹി സ്പിന്നിംഗ് മിൽ അടച്ചുപൂട്ടലിന്റെ വക്കിൽ. കഴിഞ്ഞ ആറ് മാസക്കാലമായി പൂട്ടിക്കിടക്കുന്ന സ്ഥാപനം തുറക്കാൻ യാതൊരു നീക്കവുമില്ലെന്നാണ് കേന്ദ്ര ടെക്സ്റ്റൈൽ മന്ത്രാലയത്തിന്റെ നിലപാടിൽ നിന്ന് വ്യക്തമാകുന്നത്. നാഷണൽ ടെക്സ്റ്റൈൽ കോർപ്പറേഷന്റെ കീഴിലുള്ള മാഹി മിൽ ഉൾപ്പടെയുള്ള 23 മില്ലുകൾ കടുത്ത നഷ്ടത്തിലാണെന്നും ,150 കോടി രൂപയുടെ നൂലുകൾ കെട്ടിക്കിടപ്പാണെന്നും, വിപണിയില്ലാത്തതിനാൽ ഒരിഞ്ച് മുന്നോട്ട് പോകാൻ കഴിയാത്ത അവസ്ഥയാണെന്നും, കഴിഞ്ഞ ദിവസം കെ.കെ രാഗേഷ് എം.പി യുടെ ചോദ്യത്തിനുത്തരമായി ടെക്സ്റ്റൈൽ മന്ത്രി സ്മൃതി ഇറാനി വ്യക്തമാക്കുകയുണ്ടായി. സർക്കാർ സഹായമില്ലെങ്കിൽ മില്ലുകൾ തുറക്കാൻ കഴിയാത്ത അവസ്ഥയിലാണ് എൻ.ടി.സി ടെക്സ്റ്റൈൽ കോർപ്പറേഷൻ ലാഭകരമല്ലെന്നും, നൂലും വസ്ത്രവും ഉണ്ടാക്കുകയല്ലാതെ ഷോറും വിൽപ്പനയിലൂടെ കേവലം രണ്ട് ശതമാനം വരുമാനമേ ലഭിക്കുന്നുള്ളൂവെന്നും മന്ത്രി അറിയിച്ചു.

സ്വകാര്യവൽക്കരണത്തെ പ്രോത്സാഹിപ്പിക്കുന്ന കേന്ദ്ര സർക്കാർ നിലപാട് നിലനിൽക്കെ, റിവൈവൽ സ്‌കീം അനുസരിച്ച് തൊഴിലാളികൾക്ക് വി ആർ.എസ് നൽകുന്നതുൾപ്പടെയുള്ള ചെലവുകൾക്കായി 5500 കോടി രൂപ വേണ്ടി വരുമെന്നും കേന്ദ്ര മന്ത്രി പറഞ്ഞു.

ആധുനികവത്കരണം പാളി

ഹാന്റ് ലൂം ഉൽപ്പന്നങ്ങൾ വിറ്റഴിക്കാൻ ഓൺലൈൻ വിപണന സംവിധാനങ്ങളൊന്നുമില്ല. 23 മില്ലുകൾ നവീകരിക്കാൻ 1646.07 കോടി രൂപ ചെലവഴിച്ചെന്നും, എന്നിട്ടും രക്ഷപ്പെടാനാവുന്നില്ലെന്നും ടെക്സ്റ്റൈൽ മന്ത്രി പറഞ്ഞു. ആധുനിക വൽക്കരണത്തിന്റെ ഭാഗമായി 45 കോടി രൂപ മാഹി മില്ലിന് ലഭിച്ചിരുന്നു. ദീർഘവീക്ഷണമില്ലാത്ത പരിഷ്‌ക്കരണമാണ് ഇവിടെ നടത്തിയത്. 70 ലക്ഷം രൂപക്ക് വാങ്ങിയ ജനറേറ്റർ 100 മണിക്കൂർ പോലും പ്രവർത്തിച്ചിട്ടില്ല. ഒരു മണിക്കൂർ ഓടാൻ 40 ലിറ്റർ ഡീസൽ വേണം. ഇത്രയും ചെലവഴിക്കാൻ കഴിയുന്നുമില്ല.

തുറിച്ചുനോക്കി പാരമ്പര്യം
1962ൽ പ്രമുഖ വ്യവസായി കായ്യത്ത് ദാമോധരൻ ആരംഭിച്ച മാഹി സ്പിന്നിംഗ് മിൽ 1972ലാണ് നാഷണൽ ടെക്സ്റ്റൈൽ കോർപ്പറേഷൻ ഏറ്റെടുത്തത്. തുടക്കത്തിൽ 1500 തൊഴിലാളികൾ ഉണ്ടായിരുന്നു. ഇപ്പോൾ 210 സ്ഥിരം തൊഴിലാളികളും, ഇരുന്നൂറ് ഗേറ്റ് ബദലികളുമാണുള്ളത്. സ്ഥിരം തൊഴിലാളികൾക്ക് 35 ശതമാനം വേതനം നൽകുന്നുണ്ട്. താൽക്കാലിക തൊഴിലാളികൾക്ക് ഒന്നും നൽകുന്നുമില്ല.