പഴയങ്ങാടി:കൊവിഡിന്റെ മറവിൽ പഴയങ്ങാടി പൊലീസ് വ്യാപാര സ്ഥാപനങ്ങളിൽ നിന്ന് സാധനങ്ങൾ സൗജന്യമായി ആവശ്യപ്പെടുകയും ആക്ഷേപിക്കുകയും ചെയ്യുന്നതായി വ്യാപാരികളുടെ ആക്ഷേപം. പഴയങ്ങാടി, പുതിയങ്ങാടി, മാട്ടൂൽ മേഖലകളിലാണ് പരാതി ഉയരുന്നത്. എരിപുരത്തെയും പഴയങ്ങാടി ടൗണിലെയും ഫർണിച്ചർ വ്യാപാര കേന്ദ്രങ്ങളിൽ നിന്ന് മേശ, കസേര തുടങ്ങിയ സാധനങ്ങളാണ് ആവശ്യപ്പെട്ടത്. പുതിയങ്ങാടിയിലെ മത്സ്യതൊഴിലാളികളെ ഭീഷണിപ്പെടുത്തി മത്സ്യങ്ങളും ഇവർ സൗജന്യമായി ആവശ്യപ്പെടുന്നുണ്ടത്രേ.
വ്യാപാര സ്ഥാപനങ്ങളുടെ താക്കോൽ ബലമായി പിടിച്ച് വാങ്ങുക, റോഡിലൂടെ പോകുന്നവരെ ഭീഷണിപെടുത്തുക,വാഹനങ്ങൾക്ക് ആവശ്യമില്ലാതെ പിഴ ചുമത്തുക, റസീറ്റ് ചോദിച്ചാൽ മൊബൈൽ ഫോൺ പിടിച്ചെടുത്ത് സ്റ്റേഷനിലേക്ക് വരാൻ പറയുക തുടങ്ങിയ കവല ചട്ടമ്പിത്തരമാണ് പഴയങ്ങാടി പൊലീസ് ചെയ്യുന്നത്. പഴയങ്ങാടിയിലെ രണ്ട് ഹോട്ടൽ ഉടമകൾക്കും പൊലീസിന്റെ ലാത്തിയടി കിട്ടിയിട്ടുണ്ട്. സമയം കഴിഞ്ഞിട്ടും കട അടച്ചില്ലെന്ന് പറഞ്ഞാണ് മർദ്ദനം. വ്യാപാര സ്ഥാപനങ്ങൾ തുറക്കുന്നതിനും അടക്കുന്നതിനും മാനദണ്ഡം പാലിക്കാതെ പൊലീസിന് തോന്നും പോലെയാണ് കാര്യങ്ങൾ. കൊവിഡ് കാലത്ത് അനധികൃത മണൽ കടത്ത് നിർലോഭം നടക്കുമ്പോഴും അത് തടയുന്നതിന് പൊലീസ് യാതൊരു നടപടിയും സ്വീകരിക്കുന്നില്ലെന്നും മണൽ കടത്ത് സംഘങ്ങൾ മാടായി, മാട്ടൂൽ പ്രദേശങ്ങളിൽ സജീവമാണെന്നും നാട്ടുകാർ ആരോപിക്കുന്നു.