കാസർകോട്: ഫാഷൻ ഗോൾഡ് ജ്വല്ലറി നിക്ഷേപ തട്ടിപ്പുമായി ബന്ധപ്പെട്ട് എം.സി ഖമറുദ്ദീൻ എം.എൽ.എ സ്ഥാനം രാജി വെക്കണം എന്ന് ആവശ്യപ്പെട്ട് ഡി.വൈ.എഫ്.ഐ കാസർകോട് ജില്ലാ കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ ഖമറുദ്ദീന്റെ എടച്ചാക്കൈയിലെ വസതിയിലേക്ക് മാർച്ച് നടത്തി. പടന്ന മുണ്ട്യ പരിസരത്ത് നിന്നാരംഭിച്ച മാർച്ച് എടച്ചാക്കൈ മദ്രസ പരിസരത്ത് എ.എസ്.പി, കാസർകോട് നാർക്കോട്ടിക് സെൽ ഡിവൈ.എസ്.പി അസിനാർ, ചന്തേര ഇൻസ്‌പെക്ടർ പി. നാരായണൻ എന്നിവരുടെ നേതൃത്വത്തിൽ വൻ പൊലീസ് സന്നാഹം ബാരിക്കേഡ് വെച്ചും പൊലീസ് ബസ് റോഡിന്റെ കുറുകെയിട്ടും തടഞ്ഞു.
ബാരിക്കേഡ് ചാടി കടക്കാൻ പ്രവർത്തകർ ശ്രമിച്ചെങ്കിലും ജില്ലാ നേതാക്കൾ ഇടപെട്ടു താഴെയിറക്കി. ഡി.വൈ.എഫ്.ഐ സംസ്ഥാന വൈസ് പ്രസിഡന്റ് എം. വിജിൻ ഉദ്ഘാടനം ചെയ്തു. കോടികളുടെ അഴിമതി നടത്തി ഏറ്റവും കൂടുതൽ കേസുകളുള്ള എം.എൽ.എയായി ഖമറുദ്ദീൻ മാറിയെന്ന് വിജിൻ പറഞ്ഞു . മുസ്ലിം ലീഗിന്റെ സംസ്ഥാന നേതൃത്വത്തിന് ഈ തട്ടിപ്പിൽ പങ്കുണ്ട്. ഖമറുദ്ദീൻ ലീഗിന്റെ മുത്താണെന്ന് കുഞ്ഞാലിക്കുട്ടി പറയുന്നത് അതുകൊണ്ടാണ്. കുഞ്ഞാലിക്കുട്ടിയുടെയും പാണക്കാട് തങ്ങളുടെയും മടിയിൽ കനമുള്ളത് കൊണ്ടാണ് കുഞ്ഞാലികുട്ടി അങ്ങനെ പറയുന്നത്. എം.കെ മുനീറിനും കെ.എം ഷാജിക്കും നൽകാത്ത ധാർമികത എന്തിനാണ് ഖമറൂച്ചയ്ക്ക് എന്ന് ചോദിക്കുന്നത് ലീഗ് അണികളാണെന്നും വിജിൻ പറഞ്ഞു. ഡി.വൈ.എഫ്.ഐ ജില്ലാ പ്രസിഡന്റ് പി.കെ നിഷാന്ത് അദ്ധ്യക്ഷത വഹിച്ചു. ജില്ലാ സെക്രട്ടറി സി.ജെ സജിത്, ട്രഷറർ കെ. സബീഷ്, രജീഷ് വെള്ളാട്ട് എന്നിവർ പ്രസംഗിച്ചു.