circus

ആദ്യ ഷോ ഇന്ന്

കണ്ണൂർ: നിലനിൽപ്പിനായുള്ള പോരാട്ടത്തിനായി സർക്കസ് കലാകാരന്മാർ ചേർന്ന് ഡിജിറ്റൽ യുഗത്തിലേക്ക് കാൽ വയ്ക്കുന്നു. കൊവിഡിനെ തുടർന്ന് ജീവിതം വഴിമുട്ടിയ ഇവർ അതിജീവനത്തിനായ് 'ജീവിതം ഒരു സർക്കസ് ' എന്ന പേരിൽ ആരംഭിക്കുന്ന വെർച്ച്വൽ ഷോയ്ക്ക് സർക്കസിന്റെ നൂറാം വാർഷികമായ ഇന്ന് ആരംഭം കുറിക്കും. കേരളത്തിലെ പ്രധാന സർക്കസ് കമ്പനികളിലൊന്നായ റാംബോ സർക്കസാണ് വെർച്ച്വൽ ഷോ എന്ന ആശയം മുന്നോട്ടുവച്ചത്.

കൊവിഡിനെ തുടർന്നുണ്ടായ നിയന്ത്രണത്തിൽ നിരവധി സർക്കസ് കലാകാരന്മാർ പട്ടിണിയിലായ സാഹചര്യത്തിൽ ഇത്തരമൊരു തുടക്കം സർക്കസ് മേഖലയെ പ്രതിസന്ധികളിൽ നിന്നും കരകയറ്റുമെന്നാണ് കമ്പനിയുടെ പ്രതീക്ഷ. റാംബോ സർക്കസിന്റെ ഇതുവരെയുള്ള ചരിത്രം മുൻനിർത്തിയാണ് ഷോയുടെ സ്ക്രിപ്റ്റ് തയ്യാറാക്കിയിരിക്കുന്നത്. നേരത്തെ റെക്കോർഡ് ചെയ്തുവച്ച ഷോ ആയിരിക്കും കാണികളിൽ എത്തുക. ബുക്ക് മൈ ഷോ എന്ന ആപ്പിലൂടെ ടിക്കറ്റ് ബുക്ക് ചെയ്ത് ഷോ ആസ്വദിക്കാം.

ചെറുതല്ല പ്രതിസന്ധി

സർക്കസ് കലാകാരന്മാ‌ർ ഇന്ന് അനുഭവിക്കുന്ന ദുരിതങ്ങൾ ചെറുതല്ല.സർക്കസിന്റെ പ്രധാന കേന്ദ്രമായ കണ്ണൂരിൽ അവശരടക്കം പെൻഷൻ പറ്റുന്നവരും അല്ലാത്തവരും ഇപ്പോൾ സർക്കസിൽ തുടരുന്നവരുമായ നിരവധി കലാകാരന്മാരുണ്ട്. ഈ കാലയളവിൽ നിരവധി സർക്കസ് കമ്പനികൾ അടച്ചു പൂട്ടുകയുമുണ്ടായി. ഒന്നുരണ്ട് കമ്പനികൾ മാത്രമാണ് ഇന്നും നിലനിൽക്കുന്നത്. നേരത്തെ പ്രതിസന്ധിയിലായിരുന്ന ഇവയ്ക്ക് കൊവിഡിന്റെ വരവോടെ നിലനിൽപ്പു തന്നെ ഇല്ലാതാവുകയായിരുന്നു. ലോകം മുഴുവൻ ഒാൺലൈൻ കീഴിലായതോടെ വെർച്ച്വൽ ഷോയുടെ സാധ്യതകൾ ഈ മേഖലയ്ക്ക് പൂത്തൻ ഉണർവ് നൽകുമെന്ന പ്രതീക്ഷയാണ് സർക്കസ് ലോകത്തിനുള്ളത്.