തൃക്കരിപ്പൂർ: ഒക്ടോബർ രണ്ടിന് ഗാന്ധിജയന്തിയുടെ ഭാഗമായി ജില്ലയിലെ ഗ്രന്ഥശാലകളിൽ 'ഗാന്ധി സ്മൃതി സംഗമം' സംഘടിപ്പിക്കാൻ ജില്ലാ ലൈബ്രറി കൗൺസിൽ എക്സിക്യൂട്ടീവ് യോഗം തീരുമാനിച്ചു. ഗ്രന്ഥശാലകളിൽ കൊവിഡ് പ്രോട്ടോക്കാൾ പാലിച്ചുകൊണ്ടും ഓൺലൈനായും അനുസ്മരണ പ്രഭാഷണങ്ങൾ, പൊതു ശുചീകരണം, കുട്ടികൾ, സ്ത്രീകൾ, കുടുംബം എന്നീ വിഭാഗങ്ങളിലായി ഓൺലൈൻ ഗാന്ധി ക്വിസ് മത്സരം, ഗാന്ധിജിയുടെ ജീവിതത്തെയും സ്വാതന്ത്ര്യ സമരത്തെയും ആസ്പദമാക്കിയുള്ള ഡോക്യുമെന്ററി-സിനിമ പ്രദർശനം, ഫോട്ടോ പ്രദർശനം, ചിത്രരചനാ മത്സരങ്ങൾ, ഗാന്ധിജിയെക്കുറിച്ചുള്ള കവിതാലാപനം, 'ഗാന്ധിജിയുടെ ജീവിതം സാഹിത്യ കൃതികളിൽ ' സെമിനാർ, ഗാന്ധി സാഹിത്യ പ്രദർശനം തുടങ്ങിയ വൈവിധ്യമാർന്ന പരിപാടികളാണ് സംഗമത്തിന്റെ ഭാഗമായി ഗ്രന്ഥശാലകളിലെ വിവിധ വേദികളുടെ നേതൃത്വത്തിൽ ഒരാഴ്ചക്കാലം നടത്തുക.

ജില്ലാ പ്രസിഡന്റ് കെ.വി. കുഞ്ഞിരാമൻ അദ്ധ്യക്ഷത വഹിച്ചു. സംസ്ഥാന സെക്രട്ടറി അഡ്വ.പി. അപ്പുക്കുട്ടൻ, ജില്ലാ സെക്രട്ടറി ഡോ. പി. പ്രഭാകരൻ എന്നിവർ റിപ്പോർട്ടുകൾ അവതരിപ്പിച്ചു. പി. ദിലീപ് കുമാർ, പി.കെ. അഹമ്മദ് ഹുസൈൻ, ടി. രാജൻ ,പി. രാമചന്ദ്രൻ ,എം.പി. ശ്രീമണി, വിനോദ് കുമാർ പെരുമ്പള, പി. ദാമോദരൻ, വി. ചന്ദ്രൻ ,എ.ആർ. സോമൻ, ഡി. കമലാക്ഷ, ജില്ലാ ലൈബ്രറി ഓഫീസർ സി. മനോജ് എന്നിവർ സംസാരിച്ചു.