പഴയങ്ങാടി: വെങ്ങരയിലെ സി.പി.എം ബ്രാഞ്ച് ഓഫീസ് പ്രവർത്തിക്കുന്ന ഇ.എം.എസ് മന്ദിരവും വായനശാലയും ആക്രമിച്ച് തീയിട്ട കോൺഗ്രസ് പ്രവർത്തകർക്ക് എതിരെ നിയമനടപടി സ്വീകരിക്കാത്ത പഴയങ്ങാടി പൊലീസിന്റെ നടപടിയിൽ സി.പി.എം മാടായി ലോക്കൽ കമ്മിറ്റി പ്രതിഷേധിച്ചു. വെങ്ങര, കീയച്ചാൽ, വണ്ണംതടം എന്നിവിടങ്ങളിൽ പാർട്ടിയുടെയും വർഗ്ഗ ബഹുജന സംഘടനകളുടെയും കൊടിയും കൊടിമരങ്ങളും വ്യാപകമായി തകർത്തു. പാർട്ടിയുടെ സ്വന്തം സ്ഥലത്ത് അതിക്രമിച്ച് കയറി കളവ് നടത്തിയിട്ടും പൊലീസ് ഒരു നടപടിയും എടുത്തില്ലെന്ന് സി.പി.എം ആരോപിക്കുന്നു.
ഇതു സംബന്ധിച്ച് 5 പരാതികൾ പഴയങ്ങാടി പൊലീസ് സ്റ്റേഷനിലുണ്ട്. സംഭവം നടന്ന് 23 ദിവസങ്ങൾ പിന്നിട്ടിട്ടും പ്രതികളെ ഒന്ന് വിളിച്ചു ചോദ്യം ചെയ്യാൻ പോലും പൊലീസ് തയ്യാറായിട്ടില്ല. ഡി.സി.സി ജനറൽ സെക്രട്ടറിയും കോൺഗ്രസിന്റെ മണ്ഡലം പ്രസിഡന്റും ഉൾപ്പെടെയുള്ള നേതാക്കൾ ആക്രമിക്കപ്പെട്ട ഓഫീസിനു വെളിപാടകലെയുള്ള കോൺഗ്രസ് നിയന്ത്രണത്തിലുള്ള ക്ലബിൽ യോഗം ചേർന്നാണ് ഈ അക്രമങ്ങൾ ആസൂത്രണം ചെയ്തതെന്നും സി.പി.എം ആരോപിച്ചു.