കണ്ണൂർ: ജില്ലയിലെ നാല് ലൈഫ് ഭവന സമുച്ചയങ്ങളുടെ നിർമ്മാണോദ്ഘാടനം വീഡിയോ കോൺഫറൻസിലൂടെ മുഖ്യമന്ത്രി പിണറായി വിജയൻ നിർവഹിച്ചു. പയ്യന്നൂർ, ആന്തൂർ നഗരസഭകളിലും ചിറക്കൽ, കണ്ണപുരം ഗ്രാമപഞ്ചായത്തുകളിലുമാണ് പ്രീഫാബ് സാങ്കേതിക വിദ്യയിൽ ഫ്ളാറ്റുകൾ നിർമ്മിക്കുന്നത്. ആന്തൂർ,പയ്യന്നൂർ നഗരസഭകളിൽ 44 വീടുകളും ചിറക്കൽ പഞ്ചായത്തിൽ 36 വീടുകളും കണ്ണപുരത്ത് 32 വീടുകളും അടങ്ങിയ ഭവന സമുച്ചയങ്ങളാണ് നിർമ്മിക്കുന്നത്.
മന്ത്രി എ.സി. മൊയ്തീൻ അദ്ധ്യക്ഷത വഹിച്ചു. മന്ത്രിമാരായ കെ.കെ. ശൈലജ , ടി.പി രാമകൃഷ്ണൻ, കടന്നപ്പള്ളി രാമചന്ദ്രൻ,സ്പീക്കർ പി ശ്രീരാമകൃഷ്ണൻ, ചീഫ് സെക്രട്ടറി ബിശ്വാസ് മേത്ത, തദ്ദേശ സ്വയംഭരണ വകുപ്പ് സെക്രട്ടറി ശാരദ മുരളീധരൻ തുടങ്ങിയവർ പങ്കെടുത്തു. ചിറക്കൽ ഗ്രാമപഞ്ചായത്തിലെ കാട്ടാമ്പള്ളിയിൽ നടന്ന പരിപാടിയിൽ മന്ത്രി കടന്നപ്പള്ളി രാമചന്ദ്രൻ ശിലാഫലകം അനാച്ഛാദനം ചെയ്തു. കോറോം ഗവ. ഹയർ സെക്കൻഡറി സ്‌കൂളിൽ സി. കൃഷ്ണൻ എം.എൽ.എ യും കണ്ണപുരം ചുണ്ട ബഡ്സ് സ്‌കൂളിൽ ടി.വി രാജേഷ് എം.എൽ.എയും ശിലാഫലകം അനാച്ഛാദനം ചെയ്തു.
ജില്ലാപഞ്ചായത്ത് പ്രസിഡന്റ് കെ.വി സുമേഷ്, വൈസ് പ്രസിഡന്റ് പി.പി ദിവ്യ, ജില്ലാ പഞ്ചായത്തംഗങ്ങളായ അജിത് മാട്ടൂൽ, കെ. ഗൗരി, പി.പി ഷാജർ, കണ്ണൂർ ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് കുടുവൻ പത്മനാഭൻ, കല്യാശ്ശേരി ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് വി.വി പ്രീത, പയ്യന്നൂർ നഗരസഭ ചെയർമാൻ അഡ്വ. ശശി വട്ടക്കൊവ്വൽ, ആന്തൂർ നഗരസഭാദ്ധ്യക്ഷ പി.കെ. ശ്യാമള , പഞ്ചായത്ത് പ്രസിഡന്റുമാരായ കെ.വി രാമകൃഷ്ണൻ, എ. സോമൻ , ലൈഫ് ജില്ലാമിഷൻ കോ-ഓഡിനേറ്റർ കെ.എൻ അനിൽ എന്നിവർ പങ്കെടുത്തു.