കരിവെള്ളൂർ: പുസ്തകങ്ങളെ ചങ്ങാതിയാക്കിയ വൃദ്ധയെ തേടി എഴുത്തുകാരൻ സി.വി ബാലകൃഷ്ണൻ എത്തി. കരിവെള്ളൂർ പലിയേരികൊവ്വലിലെ ആറ്റാച്ചേരി വീട്ടിൽ പാർവ്വതി എന്ന എൺപതുകാരിയായ പാറു അമ്മയെ തേടി മലയാളത്തിന്റെ പ്രിയ കഥാകാരൻ എത്തിയപ്പോൾ കണ്ടുനിന്നവർ വിസ്മയം പൂണ്ടു. പലിയേരികൊവ്വൽ വായനശാലയിലെ ഏറ്റവും കൂടുതൽ പുസ്കങ്ങൾ വായിച്ച വ്യക്തി എന്ന നിലയിൽ പാറു അമ്മ ആദരിക്കപ്പെട്ടിരുന്നു. വാർദ്ധക്യത്തിലും തുടരുന്ന വായനാശീലമാണ് അവരെ നേരിൽ സന്ദർശിക്കാൻ സി.വിക്ക് പ്രേരണ ആയത്. പ്രാഥമിക വിദ്യാഭ്യാസം മാത്രമുള്ള പാറു അമ്മ പുസ്കങ്ങളുടെ ഉറ്റ ചങ്ങാതിയാണ്. പൗരാണിക കൃതികൾ തൊട്ട് ആധുനിക കഥകളും നോവലും വരെ ഇവർ വായിച്ച് തീർത്തിരിക്കുന്നു. കേവലം വായന മാത്രമല്ല, പുസ്കങ്ങളെ നിരൂപിച്ച് സംസാരിക്കാനും മിടുക്കുണ്ട് ഇവർക്ക്. ഈ പ്രായാധിക്യത്തിലും ടി.വി, പത്ര വാർത്തകളും മറ്റും വായിച്ച് വിലയിരുത്തി പൊതു വിഷയങ്ങളെ സംബന്ധിച്ചും നല്ല അവബോധം ഉണ്ടാക്കി എടുത്തിട്ടുണ്ട് പാറു അമ്മ. മകനും അനൗൺസറുമായ കരിവെള്ളൂർ രാജനാണ് ഇടതടവില്ലാത്ത വായനയ്ക്ക് അമ്മയ്ക് കൂട്ട്. വായനശാലയിലെ പുസ്തകങ്ങൾക്ക് ഒപ്പം പുതിയ പുസ്തകങ്ങൾ വില കൊടുത്ത് വാങ്ങിയും വായനയെ പരിപോഷിപ്പിക്കാൻ മകൻ തനിക്ക് തുണ നിൽക്കുന്നു എന്ന് പാറു അമ്മ ഫ്ലാഷിനോട് പറഞ്ഞു. വായിച്ച് തീർത്ത പുസ്തകങ്ങളുടെ കൂട്ടത്തിൽ തന്റെ ഏതാണ്ട് എല്ലാ രചനകളും ഉൾപ്പെട്ടിട്ടുണ്ടെന്ന് മനസിലാക്കിയാണ് അകക്കാമ്പുള്ള വായനയുടെ ഉടമയെ തേടി പലിയേരി കൊവ്വലിലെ വീട്ടിൽ സി.വി എത്തിയത്. ലളിതമായ ചടങ്ങിൽ അദ്ദേഹം പാറു അമ്മയെ ഷാൾ അണിയിച്ച് ആദരിക്കുകയും ചെയ്തു. സത്യസന്ധമായി തുടരുന്ന ഇത്തരം വായനകളാണ് എഴുത്തിനെ കാലാതിവർത്തി ആക്കുന്നതെന്ന് സി.വി അഭിപ്രായപ്പെട്ടു.