നീലേശ്വരം: ദേശീയപാത പടന്നക്കാട് മേല്പാലത്തിലെ അപകടക്കുഴികൾ മരണക്കെണിയാവുന്നു. ഒന്നര കിലോമീറ്ററോളം വരുന്ന മേല്പാലത്തിൽ കുഴികളില്ലാത്ത സ്ഥലമില്ല. വാഹനങ്ങളുടെ മത്സരയോട്ടത്തിൽ ഇരുചക്ര യാത്രക്കാരാണ് ഏറെ ദുരിതമനുഭവിക്കുന്നത്. തിമിർത്ത് പെയ്യുന്ന മഴ വന്നാൽ പിന്നെ കുഴിയും റോഡും തിരിച്ചറിയാനാവുകയില്ല. പ്രത്യേകിച്ച് പാലത്തിൽ ഒരു വശത്ത് കൂടി വെള്ളം ഒഴുകി പോകുമ്പോഴാണ് കുഴികൾ കാണാൻ പറ്റാതാകുന്നത്.

കാഞ്ഞങ്ങാട് സൗത്ത് മുതൽ നെടുങ്കണ്ട വരെ റോഡ് പൊട്ടിപൊളിഞ്ഞ് വലിയ കുഴികൾ പ്രത്യക്ഷപ്പെട്ടിരിക്കുകയാണ്. വലിയ വാഹനങ്ങൾ എതിർ ഭാഗത്ത് നിന്ന് വരുമ്പോഴും, മറ്റ് വാഹനങ്ങളെ മറികടക്കുമ്പോഴാണ് ഇരുചക്രവാഹനങ്ങൾ നിയന്ത്രണം വിട്ട് കുഴികളിൽ വീഴുന്നത്. രണ്ടു ദിവസം മുമ്പാണ് കാസർകോട് നിന്ന് ഡ്യൂട്ടി കഴിഞ്ഞ് വരികയായിരുന്ന ചന്തേര സ്വദേശിയായ എസ്.ഐ സ്കൂട്ടിയിൽ വരുമ്പോൾ കുഴി വെട്ടിക്കുന്നതിനിടെ നിയന്ത്രണം വിട്ട് മറിഞ്ഞ് ഗുരുതര പരിക്കേൽക്കാനിടയായത്.

ദേശീയപാത അറ്റകുറ്റപണി ചെയ്തില്ലെങ്കിലും തൽക്കാലം കുഴികളടച്ച് ഇരുചക്രവാഹന യാത്രക്കാരുടെ ജീവൻ രക്ഷിച്ച് കൂടേയെന്നാണ് യാത്രക്കാർ ചോദിക്കുന്നത്. നാട്ടുകാർ പ്രതിഷേധമെന്നോണം കുഴിയിൽ വാഴ നട്ട് പ്രതിഷേധിക്കുന്ന കാഴ്ചയുമുണ്ട്.