കരിവെള്ളൂർ: രണ്ട് ഏക്കർ സ്ഥലത്ത് മരച്ചീനി, അര ഏക്കർ സ്ഥലത്ത് മഞ്ഞളും, ചേനയും, ഇഞ്ചിയും. എല്ലാം വിളവെടുപ്പിനൊരുങ്ങി. കരിവെള്ളൂർ സർവീസ് സഹകരണ ബാങ്കിന്റെ ഫാർമേഴ്സ് ക്ലബ്ബ് ഒരുക്കിയ തോട്ടമാണ് കരിവെള്ളൂരിന് ഭക്ഷ്യ സുരക്ഷയൊരുക്കുന്നത്. കൂക്കാനം ഗവ. യു.പി സ്‌കൂളിന് സമീപത്തെ സ്വകാര്യ വ്യക്തിയുടെ ഭൂമി പാട്ടത്തിനെടുത്താണ് കൃഷി. പൂർണമായും ജൈവവളമാണ് ഉപയോഗിച്ചത്.

ബാങ്ക് പ്രസിഡന്റ് കെ. നാരായണന്റെയും സെക്രട്ടറി എം. ശശി മോഹനന്റെയും നേതൃത്വത്തിലുള്ള ഭരണസമിതിയംഗങ്ങളും ജീവനക്കാരും കാനാ ഗോവിന്ദന്റെ നേതൃത്വത്തിലുള്ള ഫാർമേഴ്സ് ക്ലബ്ബ് അംഗങ്ങളും കൃഷിപണിക്ക് മുന്നിട്ടിറങ്ങി. ബാങ്ക് ജീവനക്കാരൻ ടി.വി രാജനാണ് കൃഷിയുടെ മുഖ്യ ചുമതല. വിളവെടുപ്പിന് ശേഷം ഉൽപ്പന്നങ്ങൾ പൂർണമായും ഫാർമേഴ്സ് ക്ലബ്ബിന് കീഴിലുള്ള ഇക്കോ ഷോപ്പ് വഴി മിതമായ നിരക്കിൽ വിൽപ്പന നടത്തും.

1300 കുടുംബങ്ങൾക്ക് അടുക്കളത്തോട്ടമുണ്ടാക്കുന്നതിന് വിവിധ ഇനം പച്ചക്കറിവിത്തുകൾ ബാങ്ക് സൗജന്യമായി വിതരണം ചെയ്തു. ബാങ്ക് സ്വന്തം നഴ്സറിയിലൂടെ വികസിപ്പിച്ചെടുത്ത 3000 മോഹിത് നഗർ കവുങ്ങിൻ തൈകളും കർഷകർക്ക് വിതരണം നടത്തി. അത്യുൽപ്പാദന ശേഷിയുള്ള 4000ത്തോളം തെങ്ങിൻ തൈകളും വിതരണത്തിനുള്ള തയ്യാറെടുപ്പിലാണ് ബാങ്ക്.