കണ്ണൂർ: തദ്ദേശ തിരഞ്ഞെടുപ്പ് വോട്ടർപട്ടികയിൽ നിന്ന് നീക്കം ചെയ്യാൻ തെളിവ് ഹാജരാക്കാതെ ലഭിച്ച അപേക്ഷകളിൽ തീർപ്പാക്കാൻ കഴിയാതെ പഞ്ചായത്ത് അധികൃതർ വലയുന്നു. ഓരോ ദിവസം നിരവധി പരാതികളാണ് പല ഭാഗത്തു നിന്നും പഞ്ചായത്ത് അധികൃതരെ തേടിയെത്തുന്നത്. ഓരോ തദ്ദേശ സ്ഥാപനങ്ങളിലും വോട്ടർപട്ടികയിൽ നിന്ന് നീക്കം ചെയ്യാനായി മാത്രം ലഭിച്ചത് ആയിരം മുതൽ മൂന്നായിരം വരെ അപേക്ഷകളാണ്.
തദ്ദേശ തിരഞ്ഞെടുപ്പിന്റെ അന്തിമ വോട്ടർപട്ടിക ഇന്ന് പ്രസിദ്ധീകരിക്കുന്നതിനിടയിലാണ് പഞ്ചായത്ത് അധികൃതരുടെ നെട്ടോട്ടം. ആവശ്യത്തിന് ജീവനക്കാരില്ലാത്തും പഞ്ചായത്ത് ജോലികൾ തടസപ്പെടുത്തുന്നതിനിടെ വോട്ടർ പട്ടികയിലെ പേര് ചേർക്കലും തള്ളലും ഇവർക്ക് ഞാണിന്മേൽ കളിയായി മാറുകയാണ്. ജന്മസ്ഥലത്ത് നിന്ന് മറ്റൊരിടത്തേക്ക് സ്ഥലം മാറിയവരുടെ വോട്ടുകളാണ് പ്രധാനമായും നീക്കം ചെയ്യാൻ ആവശ്യപ്പെട്ട് പരാതി ലഭിച്ചിട്ടുളളത്.
തെളിവ് ഹാജരാക്കാൻ ആളില്ല
വിവാഹത്തിന് ശേഷം വാർഡ് മാറിയവർ, ജോലി ആവശ്യാർത്ഥം സ്ഥലം മാറിയവർ, കുടുംബ സമേതം താമസം മാറിയവർ, മരണപ്പെട്ടവർ തുടങ്ങിയവരുടെ പേരുകളാണ് വോട്ടർ പട്ടികയിൽ നിന്ന് നീക്കം ചെയ്യാനായി അപേക്ഷകൾ ലഭിച്ചത്. ഒരാളുടെ വോട്ട് നിശ്ചിത വാർഡിൽ നിന്ന് നീക്കം ചെയ്യണമെങ്കിൽ ഇയാൾക്ക് മറ്റൊരിടത്ത് വോട്ടുണ്ടെന്ന് തെളിവ് ഹാജരാക്കണം. എന്നാൽ വോട്ടർ പട്ടികയിൽ പേര് നീക്കം ചെയ്യാൻ തദ്ദേശ സ്ഥാപനങ്ങളിൽ ലഭിച്ച ഇത്തരം പരാതികളിൽ മിക്കവയിലും തെളിവ് ഹാജരാക്കപ്പെട്ടിട്ടില്ല. അഞ്ച് വർഷം മുമ്പ് സ്ഥലം മാറിയവരുടെ വോട്ടുകൾ വരെ നീക്കം ചെയ്യാൻ അപേക്ഷ നൽകിയിട്ടുണ്ട്.