sanil
സനിൽകുമാർ

തലശ്ശേരി: വിഖ്യാത ഗായകൻ എസ്.പി..ബാലസുബ്രഹ്മണ്യത്തിന്റെ ശബ്ദവും ആലാപനശൈലിയും ആവാഹിച്ച ഒരു ആരാധകൻ തലശ്ശേരിയിലുണ്ട്. എസ്.പി.ബി തമിഴ്,ഹിന്ദി, കന്നട, തെലുങ്ക്, മലയാളം ഭാഷകളിൽ പാടിയ ഒട്ടുമിക്ക ഗാനങ്ങളും നൂറു കണക്കിന് വേദികളിൽ ആലപിച്ച് ജൂണിയർ എസ്.പി.ബി. എന്ന വിളിപ്പേര് ചാർത്തിക്കിട്ടിയ പിണറായി പടന്നക്കര എൻ.വി. നിവാസിൽ സനിൽകുമാറിന് തന്റെ ഹൃദയത്തിൽ പ്രതിഷ്ഠിച്ച ഗന്ധർവ്വ ഗായകന്റെ വിയോഗം താങ്ങാനാവുന്നില്ല. കോളജിൽ ബിരുദ വിദ്യാർത്ഥിയായിരിക്കെ, 28 വർഷം മുമ്പാണ് ചിന്നതമ്പിയിലെ എസ്.പി.ബി.യുടെ 'തൂളിയിലേ ആടവന്താ വാനത്ത് മെയ് വിളക്കേ ...' എന്ന ഗാനം സനിൽകുമാർ കേൾക്കാനിടയായത്. സ്വരമാധുര്യവും താളാത്മകതയും സമന്വയിപ്പിച്ച്, ആസ്വാദക മാനസങ്ങളെ കീഴടക്കിയ ഈ ഗാനം സനിൽ കുമാറിനെയും ആ ദേവസ്വരത്തിന്റെ കാന്തികവലയത്തിലാക്കി. അങ്ങിനെ ആസ്വാദകൻ ആരാധകനും ഗായകനുമായി.

എസ്.പി.ബി.യുടെ പലഭാഷകളിലുള്ള പാട്ടുകൾ അനായാസേന ആലപിക്കുവാൻ ഈ ഗായകന് കഴിയും. കണ്ണൂർ, തലശ്ശേരി, വടകര വരെ നീളുന്ന പല സംഗീത ട്രൂപ്പുകളിലും ഗാനമേളകളിൽ എസ്.പി.ബിയുടെ പാട്ടുകൾ തന്മയത്വത്തോടെ ആലപിക്കുന്നത് ഈ ഗായകനാണ്. ജോലി സംബന്ധമായി ബംഗളൂരുവിലെത്തിയപ്പോഴും മൂന്ന് വർഷക്കാലം എസ്.പി.ബി.യുടെ പാട്ടുകൾ പ്രത്യേകിച്ച് കന്നട ഗാനങ്ങൾ നിരവധി വേദികളിൽ ആലപിച്ചു. മെലഡിയായാലും അടിപൊളിയായാലും സർഗ സിദ്ധിയോടെ ജൂണിയർ എസ്.പി.ബി. പാടും. തലശ്ശേരി ശ്യാമ സംഗീത ട്രൂപ്പിലെ സംഗീത പ്രേമികളിലും ഗായകർക്കുമിടയിൽ ഈ ഗായകൻ അറിയപ്പെടുന്നത് എസ്.പി.ബി. സനിൽകുമാർ എന്നാണ്.