santha-kumari
.ശാന്തകുമാരിയും കുടുംബവും

കാഞ്ഞങ്ങാട്: എൻഡോസൾഫാൻ വിഷമഴയിൽ നിത്യരോഗിയായ മകൾ, വികലാംഗയായ ഇളയമ്മ, ഇരുവരുടെയും ചികിത്സയും പരിചരണവുമായി തളർന്ന പോർക്കളം വയമ്പിനുടത്ത കാലിച്ചാംപാറയിലെ ശാന്തകുമാരിയുടെ ദുരിതത്തിന് അറുതിയില്ല. ജന്മനാ സംസാരശേഷിയോ സ്വയം ചലനശേഷിയോ ഇല്ലാത്ത 25 വയസുള്ള മകൾ വിജിത, സംരക്ഷണത്തിനാരുമില്ലാത്തതിനാൽ എറ്റെടുക്കേണ്ടിവന്ന വിധവയും വൃദ്ധയും വികാലംഗയുമായ അമ്മയുടെ അനുജത്തി ചീയ്യേയി എന്നിവരുടെ ജിവിതമാണ് ശാന്തകുമാരി ഊണും ഉറക്കവും ഉപേക്ഷിച്ച് സംരക്ഷിക്കുന്നത്.

മകൾ വിജിതയെ നിരവധി ആശുപത്രികളിൽ ചികിത്സിച്ചിരുന്നു. ചിയ്യേയി കഴിഞ്ഞ 6 വർഷമായി രക്തവാതം പിടിപെട്ട് ചികിത്സയിലാണ്. ഉള്ളതെല്ലാം വിറ്റുപെറുക്കിയും ബാങ്ക് വായ്പയെടുത്തും ഉദാരമതികളുടെ സഹായവും വാങ്ങിയാണ് ചികിത്സയും ഭക്ഷണത്തിനുള്ള ചെലവും നാളിതുവരെ കണ്ടെത്തിയത്.

അമ്പലത്തറ ജനമൈത്രി പൊലീസ് പലപ്പോഴായി നൽകിയ സഹായങ്ങളും ഇവർക്ക് ആശ്വാസമായി. സ്വന്തമായി വീടില്ലാത്തതിനാൽ പഞ്ചായത്ത് ഭവനപദ്ധതിയിൽപെടുത്തി മൂന്നു ലക്ഷം രൂപ നൽകിയെങ്കിലും പ്രതീക്ഷച്ചതിലധികം തുക വീടിനായി ചെലവായതിനാൽ വീട് ഇപ്പോഴും പാതിവഴിയിലാണ്. അഗതി ആശ്രയ പദ്ധതി പ്രകാരം പഞ്ചായത്തിൽ നിന്നുള്ള സഹായം ലഭിക്കുന്നുണ്ട് .ലോക്ക് ഡൗൺ കാലത്ത് ഇരുവർക്കുമുള്ള മരുന്നുകൾ സന്നദ്ധപ്രവർത്തകർ സൗജന്യമായി എത്തിച്ചു നൽകി. പരസഹായമില്ലാതെ പ്രാഥമിക കാര്യങ്ങൾ ഇരുവർക്കും കഴിയാത്തതിനാൽ ഇവരുടെ പരിചരണത്തിനായി സദാസമയവും ഒപ്പുമുണ്ടാകേണ്ടതിനാൽ ശാന്തകുമാരിക്ക് കൂലിപണിക്ക്‌പോകാനും കഴിയുന്നില്ല.

പ്ലാസ്റ്റിക് ഷീറ്റു വിരിച്ച അടച്ചുറപ്പില്ലാത്ത വീട്ടിലാണ് ഇവരുടെ താമസം . ചീയ്യേയിക്ക് പഞ്ചായത്തിൽ നിന്ന് കട്ടിൽ ലഭിച്ചെങ്കിലും കിടക്കയില്ലാത്തതിനാൽ കട്ടിലിൽ ചാക്കുവിരിച്ച് അതിന്മേൽതുണിയിട്ടാണ് കിടപ്പ് . മൂന്നുപേർക്കും പെൻഷൻ ലഭിക്കുന്നതാണ് ആശ്വാസം. ചികിത്സക്കായി ജില്ലാ ആശുപത്രിയിൽ ഓട്ടോപിടിച്ച് മാസത്തിൽ രണ്ടുതവണ കൊണ്ടുപോകേണ്ടതുണ്ട്. പെൻഷൻ തുക യാത്രചെലവിനായി മാറ്റിവയ്ക്കുകയാണ്. സ്ഥലത്ത് വെള്ളമില്ലാത്തതിനാൽ ആധാരം പണയപ്പെടുത്തി പിന്നോക്കകോർപ്പറേഷനിൽ നിന്ന് വായ്പ എടുത്താണ് കിണർ നിർമ്മിച്ചത് .ഇതിന്റെ തിരിച്ചടവ് മുടങ്ങികിടക്കുകയാണെന്നും ശാന്തകുമാരി അറിയിച്ചു.