പാനൂർ: പാലത്തായി പീഡനക്കേസിൽ ബി.ജെ.പി നേതാവായ പ്രതിയെ പോക്‌സോ വകുപ്പ് ചുമത്താതെ കേസിൽ നിന്ന് രക്ഷിക്കുന്നതിന് പൊലീസ് ശ്രമിക്കുമ്പോൾ ഇരക്ക് നീതി ലഭ്യമാക്കാൻ ഇടപെടാത്ത ആരോഗ്യ മന്ത്രി കെ.കെ ശൈലജയുടെ നടപടി ദുരൂഹമാണെന്ന് മഹിളാ കോൺഗ്രസ് സംസ്ഥാന പ്രസിഡന്റ് ലതികാ സുഭാഷ് പറഞ്ഞു. പാലത്തായിലെ ഇരയുടെ വീട് സന്ദർശിച്ചതിന് ശേഷം പുറത്തിറക്കിയ പ്രസ്താവനയിലാണ് ലതികാ സുഭാഷ് ഇങ്ങനെ അഭിപ്രായപ്പെട്ടത്. ലതികാ സുഭാഷിനൊപ്പം മഹിളാ കോൺഗ്രസ് ജില്ലാ പ്രസിഡന്റ് രജനി രമാനന്ദ്, സംസ്ഥാന സെക്രട്ടറി സോയ ജോസഫ്, ജിഷ വള്ള്യായി, പ്രീത അശോകൻ, കെ.പി ഹാഷിം, ടി.കെ അശോകൻ, സി.കെ രവി എന്നിവരും കൂടെ ഉണ്ടായിരുന്നു.