നീലേശ്വരം: ദേശീയപാത പള്ളിക്കരയിൽ പണിയുന്ന റെയിൽവേ മേല്പാലത്തിന്റെ പണി നീണ്ടുപോകുന്നതിനെതിരെ സി.പി.എം പ്രക്ഷോഭത്തിലേക്ക്. പള്ളിക്കരയിൽ റെയിൽവേ മേല്പാലം പണിയാൻ കേന്ദ്ര സർക്കാർ ഇടപെടാത്തതിനെ തുടർന്ന് മുൻ എം.പി പി.കരുണാകരൻ അനിശ്ചിതകാല ജനകീയ സത്യാഗ്രഹം നടത്തിയിരുന്നു. ഇതിനെ തുടർന്ന് മുഖ്യമന്ത്രി പിണറായി വിജയൻ വിളിച്ച് ചേർത്ത ഉന്നതതല യോഗത്തിൽ മേല്പാലത്തിന്റെ നിർമ്മാണ പ്രവൃത്തി' സ്റ്റാന്റ് അലോൺ പ്രോജക്ടായി തുടങ്ങാൻ തീരുമാനിക്കുകയായിരുന്നു.

ആദ്യഘട്ടത്തിൽ പ്രവൃത്തി വേഗത്തിൽ നടന്നിരുന്നുവെങ്കിലും ഇപ്പോൾ പണി നിലച്ചിരിക്കുകയാണ്. നാഷണൽ ഹൈവേ അതോറിറ്റിക്ക് റെയിൽവേ അധികൃതർ അനുമതി നൽകാത്തതാണ് ഇപ്പോൾ പണി നിലക്കാൻ കാരണമായത്. 82 കോടി രൂപ ചെലവിൽ 6 വരി പാതയാണ് പള്ളിക്കരയിൽ പണിയുന്നത്. പണി എത്രയും വേഗം പുനരാരംഭിക്കണമെന്നാവശ്യപ്പെട്ട് സി.പി.എം നീലേശ്വരം ഏരിയ കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ ഒക്ടോബർ ഒന്നിന് വൈകുന്നേരം 4 മണിക്ക് പള്ളിക്കര റെയിൽവേ ഗേറ്റ് പരിസരത്ത് സത്യാഗ്രഹ സമരം നടത്തും. മുൻ എം.പി പി. കരുണാകരൻ, ജില്ലാ സെക്രട്ടറി എം.വി. ബാലകൃഷ്ണൻ, എം. രാജഗോപാലൻ എം.എൽ.എ, മുൻ എം.എൽ.എ കെ.പി.സതീഷ് ചന്ദ്രൻ എന്നിവർ സമരത്തിൽ സംബന്ധിക്കും.