കാഞ്ഞങ്ങാട്: ചെറിയൊരു ഇടവേളയ്ക്ക് ശേഷം കഞ്ചാവ് മാഫിയ പിടിമുറുക്കുന്നു. ജില്ലയിൽ ഒട്ടുമിക്ക ഭാഗങ്ങളിലും ഇവർക്ക് കണ്ണികളുണ്ടെന്നത് കച്ചവടം വ്യാപിപ്പിക്കാൻ സഹായകരമാകുന്നു. കാസർകോട് ഉപ്പളയിൽ മയക്കുമരുന്നു മാഫിയകൾ തമ്മിൽ സംഘർഷം പതിവാണ്. വെടിവെപ്പുവരെ ഇവിടെ ഉണ്ടായിട്ടുണ്ട്.

കാഞ്ഞങ്ങാടിന്റെ തീരപ്രദേശങ്ങളാണ് കഞ്ചാവ് കച്ചവടക്കാർ സുരക്ഷിത കേന്ദ്രങ്ങളായി കണ്ടുവെച്ചിട്ടുള്ളത്. കഴിഞ്ഞദിവസം ടൗണിൽ നയാബസാറിൽ ബാർബർഷോപ്പ് അക്രമി അടിച്ചു തകർത്തത് കഞ്ചാവിന്റെ ലഹരിയിലായിരുന്നുവെന്ന് പറയുന്നു. കണ്ണൂരിൽ കഴിഞ്ഞദിവസം അറസ്റ്റിലായ കഞ്ചാവ് കടത്തുകാർ ആവിക്കരക്കാരാണ്. കണ്ണൂർ സെൻട്രൽ ജയിൽ പരിസരത്ത് ദേശീയപാതയിൽ നടത്തിയ പരിശോധനയിലാണ് ഒരു കിലോയോളം കഞ്ചാവ് സഹിതം ആവിക്കരയിലെ കെ. ആഷിഖ് (24), ഇർഷാദ് (21) എന്നിവരെ അറസ്റ്റ് ചെയ്തത് . ഇവർ സഞ്ചരിച്ച കാറും 12500 രൂപയും 3 മൊബൈൽ ഫോണുകളും പൊലീസ് പിടിച്ചെടുത്തു.

കണ്ണൂർ ഡിവൈ.എസ്.പി പി.പി സദാനന്ദന്റെ നേതൃത്വത്തിൽ പ്രതികളെ വിശദമായി ചോദ്യം ചെയ്തപ്പോൾ പ്രതികൾക്ക് അന്തർസംസ്ഥാന ബന്ധമുള്ളതായി സംശയവും ഉയർന്നു. കഞ്ചാവ് ജയിലിൽ തടവുകാർക്ക് കൈമാറാൻ എത്തിച്ചതാണെന്നും സംശയമുണ്ട്. കാസർകോട് കേന്ദ്രീകരിച്ച് പ്രവർത്തിക്കുന്ന കഞ്ചാവ് മാഫിയയുടെ മുഖ്യകണ്ണികളായ ഇവർ നേരത്തെ അടിപിടി കേസുകളിലും പ്രതികളാണ്.

സ്കൂൾ- കോളേജ് വിദ്യാർത്ഥികളെ കേന്ദ്രീകരിച്ച് കഞ്ചാവ് വിൽപന നടത്തിവരുന്ന സംഘം വിദ്യാഭ്യാസ സ്ഥാപനങ്ങൾ തുറക്കാതായതോടെയാണ് മറ്റു വഴികൾ തേടിത്തുടങ്ങിയത്.