ഇരിട്ടി: ഇരിട്ടി- പേരാവൂർ റോഡിലെ പയഞ്ചേരി മുക്കിലെ വെള്ളക്കെട്ടിന് പരിഹാരം കാണുവാൻ റോഡുയർത്തൽ പ്രവൃത്തി തുടങ്ങിയിട്ട് ഏഴ് മാസമായി. ഇപ്പോൾ വെള്ളക്കെട്ടിനേക്കാൾ ദുരിതമായി തീർന്നിരിക്കുകയാണ് റോഡുയർത്തൽ പ്രവൃത്തി. ഇരുചക്രവാഹനങ്ങൾ, കാൽനടയാത്രക്കാർ, വ്യാപാരികൾ എന്നിവർ ഇപ്പോൾ ദുരിതം അനുഭവിച്ച് വരികയാണ്. മഴയത്ത് റോഡ് ചെളിക്കുളമാക്കും, കല്ല് തെറിച്ച് പരിക്കേൽക്കുന്നത് നിത്യസംഭവമായി കഴിഞ്ഞു.

റോഡ് ഉയർത്തുന്നതിന്റെ ഭാഗമായി രണ്ട് കലുങ്കുകളുടെയും ഇരുഭാഗങ്ങളിലെ ഓവുചാലുകളുടെ നിർമ്മാണവും പുർത്തിയായി. റോഡുയർത്തി മണ്ണും അതിനു മുകളിൽ വലിയ ബോളറുകളും നിരത്തി ക്വാറി മാലിന്യങ്ങൾ വിതറി കഴിഞ്ഞു. എന്നാൽ മറ്റുള്ള പ്രവൃത്തി നീളുകയാണ്. ഉടനെ ടാറിംഗ് നടത്തുമെന്ന് പറയുവാൻ തുടങ്ങിയിട്ട് നാളുകൾ കഴിഞ്ഞു. എന്നാൽ നാട്ടുകാർ അനുഭവിക്കുന്ന ദുരിതത്തിന് പരിഹാരം കാണുവാൻ കരാറുകാരനോ, പൊതുമരാമത്ത് വകുപ്പ് അധികൃതർക്കോ കഴിയുന്നില്ല.