മാഹി: ജനസാന്ദ്രമായ മാഹിയിൽ നിലവിൽ 110 കൊവിഡ് രോഗികളുണ്ടെന്നിരിക്കെ, പള്ളൂർ കസ്തൂർബാ ഗാന്ധി ഗവ: ഹൈസ്‌കൂളിനെ താത്ക്കാലിക കൊവിഡ് ആശുപത്രിയാക്കി മാറ്റണമെന്നും, മാഹി ഗവ: മിഡിൽ സ്‌കൂളിനെ ഫസ്റ്റ് എയ്ഡ് ട്രീറ്റ്‌മെന്റ് സെന്ററാക്കണമെന്നും ജനശബ്ദം മാഹി പ്രവർത്തക സമിതി പുതുച്ചേരി ലഫ്: ഗവർണ്ണർ, മുഖ്യമന്ത്രി എന്നിവർക്കയച്ച നിവേദനത്തിൽ ആവശ്യപ്പെട്ടു.
ചാലക്കര കുന്നിലെ ഒറ്റപ്പെട്ട് കിടക്കുന്ന ആയുർവേദ കോളേജും, പളളൂർ കുന്നിലെ ദന്തൽ കോളജും കൊവിഡ് ആശുപത്രിയാക്കി മാറ്റുന്നതിൽ അക്കാഡമിക് തല പ്രയാസങ്ങളുണ്ടെന്നിരിക്കെയാണ് ഈ നിർദ്ദേശം മുന്നോട്ട് വെച്ചത്. കസ്തൂർബാ സ്‌കൂൾ വിശാലമായ കോമ്പാണ്ടിലാണ് സ്ഥിതി ചെയ്യുന്നത്. രണ്ട് ബഹുനില ബ്ലോക്കുകളിലായി മുപ്പതോളം വിശാലമായ ക്ലാസ് മുറികളുണ്ട്. വാഹന സൗകര്യവും, പാർക്കിംഗ് ഏരിയയുമുണ്ട്.
ഇപ്പോൾ ക്ലാസുകൾ നടക്കുന്നില്ലെങ്കിലും, ക്ലാസുകൾ നടക്കുമ്പോൾ കുട്ടികളെ താൽക്കാലികമായി അര കി.മി.ദൂരം മാത്രമുള്ള ചാലക്കര യു.ജി.എച്ച്.എസിലേക്കും, പളളൂർ വി.എൻ.പി.യിലേക്കും മാറ്റാം. ഈ രണ്ട് വിദ്യാലയങ്ങളിലും സ്ഥലസൗകര്യമൊരുക്കിയാൽ മതിയാവും. ഇക്കാര്യത്തിൽ രാഷ്ട്രീയസന്നദ്ധ പ്രവർത്തകരുടെ അടിയന്തര യോഗം മയ്യഴി ഭരണകൂടം വിളിച്ചു ചേർക്കണമെന്നും യോഗം ആവശ്യപ്പെട്ടു.

ചാലക്കര പുരുഷു അദ്ധ്യക്ഷത വഹിച്ചു. ടി.എം സുധാകരൻ, ഇ.കെ റഫീഖ്, ദാസൾ കാണി, ടി.എ ലതീപ്, കെ.വി ജയകുമാർ, എം.പി ഇന്ദിര, സുരേഷ് പന്തക്കൽ, വി.എം അശോകൻ, ജസീമ മുസ്തഫ എന്നിവർ ഓൺലൈൻ യോഗത്തിൽ സംബന്ധിച്ചു.