mahe-palam
അപകടാവസ്ഥയിലായ മാഹി പാലം

മാഹി: കണ്ണൂർ- കോഴിക്കോട് ജില്ലകളെ ബന്ധിപ്പിക്കുന്ന ദേശീയപാതയിലെ മയ്യഴിപ്പുഴയ്ക്ക് കുറുകെയുള്ള പാലം അപകടാവസ്ഥയിലായി. മാഹിയിൽ നിന്ന് പാലത്തിൽ കടക്കുന്ന ഭാഗവും മദ്ധ്യഭാഗം വരെയുള്ള മൂന്ന് എക്സ്പൻഷൻ ജോയിന്റുകളും പൊട്ടിപ്പൊളിഞ്ഞ് കിടക്കുകയാണ്. ഇടതടവില്ലാതെ ഭാരവാഹനങ്ങളടക്കം ആയിരക്കണക്കിന് വാഹനങ്ങൾ കടന്നു പോകുന്ന പാലമാണ് അപകടാവസ്ഥയിലുള്ളത്. ഏതാനും വർഷം മുമ്പ് ലക്ഷങ്ങൾ ചെലവഴിച്ച്, ഒരു മാസക്കാലം പാലം അടച്ചിട്ട് അറ്റകുറ്റപ്പണികൾ നടത്തുകയും, ബലപ്പെടുത്തുകയും ചെയ്തിരുന്നു. തകർന്ന സ്ലാബുകൾക്ക് പകരമിട്ട സ്ലാബുകളാണ് ഇപ്പോൾ വീണ്ടും പൊട്ടിപ്പൊളിഞ്ഞ് 'അസ്ഥികൾ' പുറത്തായ അവസ്ഥയിലായത്.

വാഹനങ്ങൾ കടന്നു പോകുമ്പോൾ പാലം വല്ലാതെ കലുങ്ങുകയാണ്. 1934ൽ ഫ്രഞ്ച് ഭരണകൂടമാണ് പാലം നിർമ്മിച്ചത്. അന്നുണ്ടാക്കിയ തൂണുകളിൽ തന്നെയാണ് ഇപ്പോഴും പാലം നിലനിൽക്കുന്നത്. 1972ൽ പാലത്തിന്റെ തൂണുകൾ നിലനിർത്തി, മേൽഭാഗം പൂർണ്ണമായി പൊളിച്ച് മാറ്റുകയും, പുനർനിർമ്മിക്കുകയുമായിരുന്നു. ദശകങ്ങൾക്ക് ശേഷം വാഹനങ്ങളുടെ ആധിക്യം മൂലം പാലത്തിന്റെ അടിഭാഗത്തെ സിമന്റ് പാളികൾ തകർന്നു പോവുകയും, ഉപരിതലത്തിൽ പൊട്ടും പൊളിയും ഉണ്ടാവുകയും ചെയ്തപ്പോൾ, റിപ്പയർ ചെയ്യുകയായിരുന്നു. കൈവരികളുടെ ഭാരം കുറച്ച്, പാലത്തിന്റെ ഉപരിതലത്തിലും അടിഭാഗത്തും ആധുനിക സംവിധാനമുപയോഗിച്ച് ബലപ്പെടുത്തുകയും ചെയ്തു.

ഫ്രഞ്ച് തൂണുകൾ 'കട്ട"യ്ക്ക്

ഫ്രഞ്ചു ഭരണകാലത്ത് ജഡ്ക വണ്ടികൾക്കും, കാറുകൾക്കും മറ്റും പോകാനുള്ള സംവിധാനത്തിലാണ് പാലം നിർമ്മിച്ചത്. ദശകങ്ങൾ ഏറേ കഴിഞ്ഞിട്ടും തൂണുകൾക്ക് ഇപ്പോഴും ബലക്ഷയമുണ്ടായിട്ടില്ലെന്നാണ് വിദഗ്ധർ പറയുന്നത്. മാഹിയിൽ നിന്ന് ഫ്രഞ്ചധീന പ്രദേശങ്ങളായിരുന്ന ചാലക്കര, പള്ളൂർ, ചെമ്പ്ര, പന്തക്കൽ പ്രദേശങ്ങളിലെത്തിച്ചേരാൻ ഈ പാലത്തെയാണ് ആശ്രയിക്കുന്നത്. ഫ്രഞ്ച് വാഴ്ചക്കെതിരെ അതിർത്തി പ്രദേശങ്ങളിൽ ഉപരോധ സമരം നടന്നപ്പോൾ, കണ്ണൂർ ജില്ലയിൽ നിന്ന് മാഹിയെ തൊടാതെ കടന്നുപോകാൻ പെരിങ്ങാടി റെയിൽവേ പാലം, റെയിൽ റോഡ് പാലമാക്കിയിരുന്നു. ദേശീയപാത അതോറിറ്റിക്കാണ് പാലത്തിന്റെ ചുമതല.

പുതിയ തലശ്ശേരി- മാഹി ബൈപാസിന്റെ നിർമ്മാണം നടന്നുകൊണ്ടിരിക്കെ, രണ്ടര കി.മി. അകലെ മയ്യഴി പുഴയിൽ പുതിയ പാലം നിർമ്മാണത്തിന്റെ അവസാന ഘട്ടത്തിലാണ്. ഇത്തരമൊരു സാഹചര്യത്തിൽ പഴയ പാലത്തിന്റെ ശോച്യാവസ്ഥക്ക് പരിഹാരം കാണാൻ എൻ.എച്ച്. അധികൃതർ വേണ്ടത്ര താൽപ്പര്യം കാണിക്കുന്നില്ല.

യാത്രക്കാർ