aaryasree-

കാസർകോട് : ഇല്ലായ്‌മകളുടെ കുടിലിൽനിന്ന് പന്ത് തട്ടി ഇന്ത്യൻ വനിതാ ഫുട്ബോൾ ടീമിലെത്തിയ എസ്. ആര്യശ്രീക്ക് ഇനി സ്വന്തം വീട്ടിൽ അന്തിയുറങ്ങാം. പണി പൂർത്തിയായി വരുന്ന വീട്ടിലേക്ക് മാറുന്നതോടെ ഈ ഫുട്‌ബോൾ മുത്തിന്റെ സങ്കടം മാറും. സർക്കാരാണ് വീട് നൽകുന്നത്.ദേശീയ ടീമിന്റെ പ്രതിരോധനിരയിലെ മികച്ച ബാക്ക് ഡിഫൻഡറായ ആര്യശ്രീ ആറാം ക്‌ളാസ് മുതൽ പന്ത് തട്ടി തുടങ്ങിയതാണ്. പരിശീലകൻ നിധീഷ് ബങ്കളത്തിന്റെയും കായികാദ്ധ്യാപിക പ്രീതിമോളുടെയും ശിക്ഷണത്തിലാണ് മികച്ച കളിക്കാരിയായത്. കാസർകോടിനും കേരളത്തിനും വേണ്ടി ജേഴ്സിയണിഞ്ഞു. ഇന്ത്യൻ ടീമിൽ മംഗോളിയയിലും ഭൂട്ടാനിലും കളിച്ചു. ഭൂട്ടാൻ സാഫ് ഗെയിംസിൽ ടീം കിരീടം ചൂടി.

ആര്യശ്രീയുടെ ഫുട്‌ബോൾ മികവും കുടുംബത്തിന്റെ പ്രാരാബ്ധവും കണക്കിലെടുത്താണ് കായിക മന്ത്രി ഇ. പി ജയരാജൻ വീടിന് 10 ലക്ഷം അനുവദിച്ചത്.

മകൾക്ക് ബൂട്ട്സ് വാങ്ങാൻ പോലും കാശില്ലാതെ കഷ്ടപ്പെട്ടെങ്കിലും അച്ഛൻ കൊളക്കാട്ട് കുടിയിൽ ഷാജുവും അമ്മ ശാലിനിയും മകളുടെ ഫുട്‌ബോൾ കമ്പത്തിന് എതിരു നിന്നില്ല. എട്ട് വർഷം വാടകക്കുടിലിലായിരുന്നു. ആര്യ മൂന്നാം ക്‌ളാസിൽ പഠിക്കുമ്പോൾ രാംകണ്ടം എന്ന സ്ഥലത്ത് സ്വന്തം കുടിൽ പണിതു. ഇടത് കൈ സ്വാധീനം ഇല്ലാത്തതിനാൽ 12 വർഷമായി ലോട്ടറി വിൽപ്പനയാണ് ഷാജുവിന്റെ വരുമാനമാർഗ്ഗം. ശാലിനി കൂലിപ്പണിക്ക് പോകും. ആടിനെയും കോഴികളെയും വളർത്തുന്നുമുണ്ട്.

ബങ്കളം കക്കാട്ട് ജി. എച്ച്. എസ്. എസിൽ പ്ലസ്‌ടു വിദ്യാർത്ഥിയാണ് ആര്യശ്രീ. സഹോദരൻ അഭിനയ് ജോലികളിൽ മാതാപിതാക്കളെ സഹായിക്കും.

ബൈറ്റ്

എല്ലാവരുടെയും സഹായത്താലാണ് ഈ നിലയിൽ എത്തിയത്. ഫുട്‌ബോൾ തന്നെ എനിക്കൊരു വീടും തന്നു. വളരെ സന്തോഷമുണ്ട്. മന്ത്രിയോടും സ്പോർട്സ് കൗൺസിലിനോടും കടപ്പെട്ടിരിക്കുന്നു.

എസ്. ആര്യശ്രീ

സ്പോർട്ട്സ് കൗൺസിലും നാട്ടുകാരും ആര്യശ്രീക്ക് സർക്കാർ വീട് നൽകാൻ ഇടപെട്ടിരുന്നു. കുടിവെള്ളം ലഭ്യമാക്കാൻ രണ്ട് ലക്ഷം കൂടി നൽകും.

--അനിൽ ബങ്കളം

(ജില്ലാ സ്പോർട്സ് കൗൺസിൽ എക്സിക്യൂട്ടീവ് അംഗം )