കാസർകോട്: കൊവിഡ് പരിശോധനയ്ക്കുള്ള അനുമതി സംസ്ഥാനത്തെ സ്വകാര്യ ലാബുകൾക്കും ആശുപത്രികൾക്കും നൽകിയത് മറയാക്കി വൻ കൊള്ള. സർക്കാർ നിശ്ചയിച്ച നിരക്കിന്റെ ഇരട്ടി തുക വാങ്ങി ടെസ്റ്റ്. ഗൾഫിലും അന്യസംസ്ഥാനങ്ങളിലും ജോലി നഷ്ടപ്പെടുന്നതടക്കമുള്ള സാഹചര്യങ്ങൾ ഒഴിവാക്കാനാണ് നെഗറ്റീവ് സർട്ടിഫിക്കറ്റ് നൽകുന്നതെന്നാണ് വിവരം.
കാഞ്ഞങ്ങാട് സ്വദേശിയായ ഒരു പ്രവാസി കഴിഞ്ഞ ഓണക്കാലത്താണ് വിമാന ടിക്കറ്റ് നേരത്തെ എടുത്ത് ഏജന്റുമാർ മുഖേന നെഗറ്റീവ് സർട്ടിഫിക്കറ്റ് സമ്പാദിച്ചു ഗൾഫിലേക്ക് പറന്നത്. രോഗ ലക്ഷണമുള്ളവരിൽ നിന്ന് വീടുകളിലെത്തി സ്രവമെടുത്താണ് പരിശോധനയെന്ന വ്യാജേന സർട്ടിഫിക്കറ്റ് നൽകുന്നത്. യഥാർത്ഥ ഫലം എന്തായാലും നെഗറ്റീവ് സർട്ടിഫിക്കറ്റ് റെഡിയാക്കും. കേരളത്തിലെ നഗരങ്ങളിൽ മുഴുവൻ ഫ്രാഞ്ചൈസി നൽകിയാണ് കോഴിക്കോട് കേന്ദ്രമാക്കി പ്രവർത്തിക്കുന്ന സ്ഥാപനത്തിന്റെ 'കച്ചവട'മെന്ന് ആരോഗ്യവകുപ്പിന്റെ അന്വേഷണത്തിൽ കണ്ടെത്തൽ. ഇതേത്തുടർന്ന് രണ്ടാഴ്ച മുമ്പ് കാസർകോട് ഡി.എം.ഒ ഡോ. എ.വി. രാംദാസ് ജില്ലാ പൊലീസ് മേധാവി ഡി.ശില്പയ്ക്ക് നൽകിയ പരാതിയിൽ അന്വേഷണം നടക്കുകയാണ്.
മാനദണ്ഡങ്ങൾ പാലിക്കാതെ പ്രവർത്തിക്കുന്നതായി കണ്ടെത്തിയ മഞ്ചേശ്വരത്തെയും തൃക്കരിപ്പൂരിലെയും സ്വകാര്യ ആശുപത്രികളോട് ചേർന്ന ലാബുകൾ ഡി.എം.ഒ ഇടപെട്ട് പൂട്ടിച്ചു. ടെസ്റ്റിന് വരുന്നവരെയെല്ലാം ഒരേ വാതിൽ വഴിയാണ് ഇവിടെ കയറ്റിവിടുന്നത്. ആന്റിജൻ ടെസ്റ്റിന് അതത് ജില്ലകളിൽ ലൈസൻസ് എടുക്കണമെന്നാണ് നിയമം. എന്നാൽ ഫ്രാഞ്ചൈസി തുടങ്ങിയവർ ലൈസൻസെടുത്തിട്ടില്ല.
നിരക്കുകൾ തോന്നുംപോലെ
ആന്റിജൻ ടെസ്റ്റിന് സർക്കാർ നിശ്ചയിച്ചത് 625 രൂപയാണ്. അനധികൃതമായി പ്രവർത്തിക്കുന്ന ലാബുകൾ വാങ്ങുന്നത് 1500 മുതൽ 2000 രൂപ വരെ. ആർ.ടി.പി.സി.ആർ ടെസ്റ്റിന് 2750 രൂപയാണ് സർക്കാർ നിരക്ക്. സ്വകാര്യ ലാബുകളും ആശുപത്രികളും വാങ്ങുന്നത് 4000 മുതൽ 5000 രൂപ വരെയും.
അനുമതി ഇവയ്ക്ക് മാത്രം
കെ .ഡി. സി ലാബ് കാഞ്ഞങ്ങാട് ഡി .ഡി. ആർ. സി ലാബ് കാഞ്ഞങ്ങാട് കിംസ് ഹോസ്പിറ്റൽ കാസർകോട് ഡി .ഡി .സി ലാബ് കാസർകോട് കെയർവെൽ ഹോസ്പിറ്റൽ കാസർകോട്, നീതി ലാബ് കാസർകോട്, കാഞ്ഞങ്ങാട് ഐ .ഡി .എൽ ലാബ് കാഞ്ഞങ്ങാട് മാലിക്ദിനാർ ഹോസ്പിറ്റൽ കാസർകോട്
ബൈറ്റ്
'കാസർകോട് ജില്ലയിൽ 10 ലാബുകൾക്ക് മാത്രമാണ് ആരോഗ്യവകുപ്പ് കൊവിഡ് ടെസ്റ്റിന് അനുമതി നൽകിയത്. കോഴിക്കോട് കേന്ദ്രമായുള്ള ലാബിന് ഇവിടെ വന്നു ടെസ്റ്റ് ചെയ്യാൻ അനുമതി നൽകിയിട്ടില്ല. അനധികൃതമാണ് ഈ ടെസ്റ്റുകൾ.
ഡോ. എ.വി. രാംദാസ്'. (കാസർകോട് ഡി.എം.ഒ)