പാനൂർ: പാനൂർ, ചൊക്ലി മേഖലയിലെ സാമൂഹിക, സാംസ്കാരിക, വിദ്യാഭ്യാസ സദസ്സുകളിൽ എന്നും സജീവ സാന്നിധ്യമായിരുന്ന വ്യക്തിത്വമാണ് ഇന്നലെ നിര്യാതനായ ടി.ദാമോദരൻ.
വിദ്യാർഥിയായിരിക്കെ ലോഹ്യാ സോഷ്യലിസ്റ്റ് ആശയങ്ങളിൽ ആകൃഷ്ടനായ അദ്ദേഹം പി.ആർ കുറുപ്പിന്റെ സന്തതസഹചാരിയായിരുന്നു. ജനതാദൾ പെരിങ്ങളം നിയോജക മണ്ഡലം സെക്രട്ടറിയായി പ്രവർത്തിച്ചു. സോഷ്യലിസ്റ്റ് ആശയങ്ങൾ മുറുകെ പിടിക്കുന്ന ദാമോദരൻ മാസ്റ്റർ നഷ്ടപ്പെട്ടുപോകുന്ന "പൊതുയിടങ്ങളുടെ "പ്രസക്തിതിരിച്ചറിഞ്ഞ പ്രതിഭാശാലിയായിരുന്നു. പ്രദേശത്തെ വിവിധ പ്രസ്ഥാനങ്ങൾ സംഘടിപ്പിക്കുന്ന പൊതുപരിപാടികളിലെല്ലാം അവസാനകാലം വരെ പ്രായവും അസുഖവും പരിഗണിക്കാതെ പങ്കെടുക്കുകയും തനിക്കാവുന്ന സഹായങ്ങൾ നൽകുകയും ചെയ്യും
നല്ലൊരു ഗ്രന്ഥശാല സംഘം പ്രവർത്തകനും വായനക്കാരനുമായ അദ്ദേഹം കാടാങ്കുനിയിലെ നവകേസരി വായനശാലയിലെ സജീവ പ്രവർത്തകനായിരുന്നു. വായനശാലയുടെ നേതൃത്വത്തിൽ നടത്തിയിരുന്ന കായികവും കലാപരവുമായ പ്രവർത്തനങ്ങൾക്ക് നേതൃത്വം നല്കിയിരുന്നു. താലൂക്ക് ലൈബ്രറി കൗൺസിൽ അംഗമായി പ്രവർത്തിച്ച അദ്ദേഹം പൂക്കോത്ത് പ്രവർത്തിച്ചു വരുന്ന സി.എം ലൈബ്രറിയുടെ രക്ഷാധികാരിയും ഉപദേശകനുമാണ്.1988 ൽ കണ്ണം വെള്ളിയിൽ മഹാത്മ വായനശാല സ്ഥാപിക്കുന്നതിൽ മുൻനിരയിൽ പ്രവർത്തിച്ചിരുന്ന അദ്ദേഹം ദീർഘകാലം അതിന്റെ പ്രസിഡന്റുമായിരുന്നു. നല്ലൊരു സാമൂഹിക ശാസ്ത്ര അധ്യാപകനായ അദ്ദേഹം റിസോഴ്സ് പേഴ്സണായും പ്രവർത്തിച്ചു. വോളിബാൾ ഹരമായിരുന്ന ദാമോദരൻ മാസ്റ്റർ കായിക വേദികളിലെ നല്ലൊരു അനൗൺസർ കൂടിയായിരുന്നു. സാംസ്കാരിക, സാമൂഹിക രാഷ്ട്രീയ രംഗത്തെ നിറ സാന്നിധ്യമായിരുന്ന ദാമോദരൻ മാസ്റ്ററുടെ വേർപാട് പാനൂർ മേഖലയെ തീരാദുഃഖത്തിതിലാഴ്ത്തി.