krishi
കല്ലംതോട്ടത്തിൽ ശശിധരന്റെ നെൽക്കൃഷി

കൊട്ടിയൂർ: കാർഷികരംഗത്ത് പരീക്ഷണങ്ങൾ നടത്താനുള്ള താത്പര്യമാണ് ശശിധരനെ പുതിയ രീതിയിലുള്ള നെൽക്കൃഷിയിലെത്തിച്ചത്. വയലില്ലെങ്കിലും സ്ഥലം കുറവാണെങ്കിലും നെൽക്കൃഷിയിൽ ആർക്കും നൂറുമേനി വിളവുണ്ടാക്കാമെന്ന് തെളിയിക്കുകയാണ് അമ്പായത്തോട്ടിലെ കർഷകനായ കല്ലൻതോട്ടത്തിൽ ശശിധരൻ.വീടിന്റെ മുറ്റത്ത് പി.വി.സി പൈപ്പിലും കവുങ്ങിൻ പാത്തിയിലും മണ്ണ് നിറച്ചാണ് മൂന്നര മാസം മുമ്പ് പാകിയ നെൽവിത്ത് കതിരണിഞ്ഞത് കാണുമ്പോൾ ആരും തലകുലുക്കി സമ്മതിക്കും ഈ കർഷകനെ.

ആറു വർഷങ്ങൾക്ക് മുമ്പ് പൊതുസ്ഥലങ്ങളിൽ ശശിധരൻ നട്ടുപിടിപ്പിച്ച ഫലവൃക്ഷങ്ങൾ കായ്ച്ചുതുടങ്ങിയതും,
വീട്ടുമുറ്റത്ത് പച്ചക്കറി കൃഷി ചെയ്ത് വിജയിച്ചതുമൊക്കെയായിരുന്നു പ്രചോദനം. . ലോക്ക് ഡൗൺ വന്നതോടെ കൂടുതൽ ആലോചിക്കാതെ കൃഷിയിലേക്ക് തിരിഞ്ഞു. കൃഷിയിടത്തിൽ നല്ല സൂര്യപ്രകാശമുള്ള സ്ഥലമില്ലാതിരുന്നതിനാലാണ് മുറ്റം തെരഞ്ഞെടുത്തത്.

ആദ്യം മണ്ണൊരുക്കലായിരുന്നു. മണ്ണും കുമ്മായവും ചേർത്തിളക്കി വെയിലു കൊള്ളാതെ 10 ദിവസത്തിലധികം വെച്ചു. ഇടയ്ക്കിടെ നനയ്ക്കുകയും ചെയ്തു.തുടർന്ന് ചാണകപ്പൊടി, എല്ലുപൊടി, വേപ്പിൻ പിണ്ണാക്ക് എന്നിവ തയ്യാറാക്കിയ മണ്ണിൽ സംയോജിപ്പിച്ചു. പിന്നീട് നാലിഞ്ച് വ്യാസം വരുന്ന പി.വി.സി. പൈപ്പിന്റെ മുകൾഭാഗം നെൽച്ചെടി വളരാൻ പാകത്തിൽ മുറിച്ചുമാറ്റി അതിൽ മിശ്രിതം നിറച്ചു. ഇതുപോലെ കവുങ്ങിൻ പാത്തിയുമൊരുക്കി, നിശ്ചിത അകലത്തിൽ ഒന്നിനു മുകളിൽ ഒന്നായി സൂര്യപ്രകാശം നന്നായി കിട്ടുന്ന രീതിയിൽ വീടിന്റെ മുറ്റത്ത് സ്ഥാപിച്ചു.
ഇവയിൽ 20 സെന്റീമീറ്റർ അകലത്തിൽ മുളപ്പിച്ച ഓരോ നെന്മണി പാകി. പൈപ്പിലും പാത്തിയിലും നട്ട് ബാക്കിയായവ പോളിത്തീൻ ബാഗുകളിലും പാകി. വിത്തുകൾ മുളച്ച് പുതിയ ചെനപ്പുകൾ പൊട്ടി വരാൻ തുടങ്ങിയതോടെ കൃത്യമായ ഇടവേളയിൽ ജൈവവളപ്രയോഗം നടത്തി. പച്ചിലക്കഷായം സ്‌പ്രേ ചെയ്താണ് കീടങ്ങളെ അകറ്റിയത്. പാടത്തു വളരുന്നതിനേക്കാൾ കരുത്തോടെ നെൽച്ചെടി വളരുമെന്നതാണ് പ്രത്യേകത.

മോശമല്ല കൃഷി

ഒരു ചെടിയിൽ നിന്നും 25 ഓളം കതിരുകൾ ഉണ്ടാകും.ഇതിൽ നിന്ന് 100 ഗ്രാം നെല്ല് ലഭിക്കുമെന്ന് ശശിധരൻ പറയുന്നു. ഈ രീതി അവലംബിച്ചാൽ ഒരു സെന്റ് സ്ഥലത്ത് 1000 നെൽച്ചെടികളിൽ നിന്നായി 100 കിലോ നെല്ല് ഉല്പാദിപ്പിക്കാമെന്നാണ് ഇദ്ദേഹം അവകാശപ്പെടുന്നത്.
പട്ടണങ്ങളിൽ താമസിക്കുന്നവർക്കും സ്ഥലം കുറവുള്ളവർക്കും ഈ കൃഷി രീതി പരീക്ഷിക്കുന്നതിലൂടെ ആഹാരത്തിന് സ്വന്തം അരി തന്നെ ഉപയോഗിക്കാൻ കഴിയും.തുള്ളിനന രീതി സ്വീകരിച്ചാൽ ജലസേചനവും പ്രശ്നമാവില്ല.
പി.വി.സി പൈപ്പിന് ചെലവു കൂടുമെങ്കിലും കൂടുതൽ കാലം ഉപയോഗിക്കാം. ചെലവു കുറയ്ക്കാൻ കവുങ്ങിൻ പാത്തികളോ ഗ്രോബാഗുകളോ ഉപയോഗിച്ചാലും മതിയാകും. കുറഞ്ഞ ചെലവിൽ ഗുണമേന്മയുള്ള നെല്ല് കിട്ടുമെന്നതാണ് നേട്ടം. അടുത്ത മാസം ആദ്യം കൊയ്തതിന് ശേഷം നെൽക്കൃഷി വിപുലമാക്കാൻ തയ്യാറെടുക്കുകയാണ് കൊട്ടിയൂർ എസ്.എൻ.ഡി.പി ശാഖാ യോഗം സെക്രട്ടറി കൂടിയായ ശശിധരൻ.