കണ്ണൂർ: തദ്ദേശ തിരഞ്ഞെടുപ്പ് മുന്നിൽ കണ്ട് സാമൂഹ്യ സുരക്ഷാ പെൻഷൻ മാനദണ്ഡങ്ങൾ പുതുക്കി നിശ്ചയിച്ച് സർക്കാർ ഉത്തരവായി. പെൻഷൻ പറ്റുന്ന അനർഹർക്കെതിരെ കർശന നടപടിയെടുക്കണമെന്നും പഞ്ചായത്ത് അധികൃതർക്ക് സർക്കാർ നിർദേശം നൽകിയിട്ടുണ്ട്. ഇതിനായി ജനപ്രതിനിധികളുൾപ്പെടുന്ന വിദഗ്ധ സമിതിയെയും നിയോഗിച്ചിട്ടുണ്ട്. മരിച്ചവരുടേയും പുനർവിവാഹിതരായ വിധവകളുടേയും പെൻഷൻ തട്ടിയെടുക്കുന്നത് വ്യാപകമാകുന്നുവെന്ന പരാതിയെ തുടർന്നാണ് പരിശോധന ശക്തമാക്കാൻ തീരുമാനിച്ചത്.
പെൻഷൻ അർഹതയ്ക്കുള്ള കുറഞ്ഞ പ്രായം അറുപത് വയസ്സായി നിജപ്പെടുത്തിയിട്ടുണ്ട്. കർഷക തൊഴിലാളി ക്ഷേമനിധിയിൽ അംഗമായവർക്ക് മാത്രമാണ് കർഷക തൊഴിലാളി പെൻഷന് അർഹതയുള്ളൂ.അംഗപരിമിതനായ വ്യക്തിക്ക് വികലാംഗ പെൻഷന് പുറമെ മറ്റൊരു സാമൂഹ്യ സുരക്ഷപെൻഷൻ, ക്ഷേമനിധി ബോർഡ് പെൻഷൻ എന്നിവയ്ക്കും അർഹതയുണ്ട്.ഓരോ മാസവും വിദഗ്ധ സംഘം വീടുകൾ സന്ദർശിച്ച് സാമൂഹ്യസുരക്ഷ പെൻഷൻ വാങ്ങുന്നവരുടെ ലിസ്റ്റ് പരിശോധിച്ച് അനർഹരെ ഒഴിവാക്കും.
സാമൂഹ്യ സുരക്ഷ പെൻഷൻ അപേക്ഷയ്ക്കും പുതിയ മാർഗ നിർദേശങ്ങളും പുറത്തിറക്കിയിട്ടുണ്ട്. ഇതനുസരിച്ച് അപേക്ഷകന് ആധാർ കാർഡില്ലെങ്കിൽ റേഷൻ കാർഡും പരിഗണിക്കും.അപേക്ഷകന്റെ കുടുംബവാർഷിക വരുമാനം ഒരു ലക്ഷം രൂപയിൽ കവിയരുത്. വിവാഹിതരായ മക്കളുടെ വരുമാനം കണക്കിലെടുക്കേണ്ടതില്ലെന്നും നിർദേശിച്ചിട്ടുണ്ട്.എന്നാൽ അപേക്ഷകന്റെ പേരിലോ, കുടംബത്തിന്റെ പേരിലോ രണ്ട് ഏക്കറിൽ കൂടുതൽ ഭൂമിയും വസ്തുക്കളും പാടില്ലെന്ന് നിർദേശിച്ചിട്ടുണ്ട്.അപേക്ഷകൻ സർവീസ് പെൻഷണർ, കുടുംബ പെൻഷൻ ലഭിക്കുന്നവർ ആകരുതെന്നും നിർദേശമുണ്ട്. അപേക്ഷകർ ആദായ നികുതി നൽകുന്ന വ്യക്തിയായാൽ പെൻഷൻ കിട്ടില്ല.
പെൻഷൻ നിരസിക്കും
മക്കളുടെ വാഹനം മാതാപിതാക്കളുടെ പേരിലായായും പെൻഷൻ അപേക്ഷ നിരസിക്കും. വീട്ടിൽ എയർ കണ്ടീഷനും വീടിന്റെ തറ വിസ്തീർണം 2000 ചതുരശ്ര അടിയിൽ കൂടിയാലും പെൻഷൻ തടയും.
പെൻഷൻ അപേക്ഷകന് കുടുംബ വാർഷിക വരുമാനം ഒരുലക്ഷം രൂപയിൽ കവിയരുത്.സർവീസ് പെൻഷൻ, കുടുംബ പെൻഷൻ വാങ്ങുന്നവരുടെയും ആദായ നികുതി നൽകുന്നവരുടേയും അപേക്ഷ തടയും.
കർഷക പെൻഷനും വാർധക്യകാല പെൻഷനും കൈപറ്റുന്നവർക്ക് 60 വയസിന് മുകളിൽ പ്രായമുണ്ടാകണം.
വിധവാ പെൻഷൻ അപേക്ഷകർ ഭർത്താവിന്റെ മരണ സർട്ടിഫിക്കറ്റ് ഹാജരാക്കണം.
ഭർത്താവിനെ ഏഴ് വർഷത്തിലധികമായി കാണാനില്ലെങ്കിൽ റവന്യൂ വിഭാഗം നൽകുന്ന വിധവാ സർട്ടിഫക്കറ്റ് ഹാജരാക്കണം.നിയമപരമായി വിവാഹ ബന്ധം വേർപ്പെടുത്തിയവരെ വിധവയായി കണക്കാക്കില്ല.
വിധവകൾ എല്ലാ വർഷവും തങ്ങൾ പുനർവിവാഹരല്ലെന്ന് തെളിയിക്കുന്ന രേഖ ഹാജരാക്കണം.
വികലാംഗ പെൻഷൻകാർക്ക് ക്ഷേമനിധി ബോർഡിന്റെ 600 രൂപ പെൻഷനും അർഹതയുണ്ട്.