പയ്യന്നൂർ: രാമന്തളി പരത്തിക്കാട്ടെ സുനിൽ കുമാറിന് ഇനി കുടുംബത്തോടൊപ്പം അടച്ചുറപ്പുള്ള വീട്ടിൽ അന്തിയുറങ്ങാം. രാമന്തളി മഹാത്മ സ്മാരക കൾച്ചറൽ സെന്റർ സുമനസുകളുടെ സഹായത്താടെ സുനിൽ കുമാറിന് കൈത്താങ്ങായപ്പോൾ ഒരു ചെറുപ്പക്കാരന്റെ പാതി വഴിയിൽ നിലച്ചുപോയ ജീവിതാഭിലാഷമാണ് യാഥാർത്ഥ്യമാകുന്നത്.
മഹാത്മ സ്മാരക കൾച്ചറൽ സെന്ററിന്റെ നേതൃത്വത്തിൽ പൂർത്തികരിച്ചു കൊടുക്കുന്ന വീടിന്റെ താക്കോൽ ദാന കർമ്മം ഒക്ടോബർ 3 ന് രാവിലെ 11 മണിക്ക് പരത്തിക്കാട് നടക്കുന്ന ചടങ്ങിൽ രാജ്മോഹൻ ഉണ്ണിത്താൻ എം പി നിർവ്വഹിക്കും. ഗാന്ധി ജയന്തി ആഘോഷങ്ങളുടെ ഭാഗമായി ചടങ്ങിൽ മഹാത്മ പ്രസിഡന്റ് കെ.എം. തമ്പാൻ അധ്യക്ഷത വഹിക്കും. ഗാന്ധി സ്മൃതിഭാഷണവും ഭക്ഷ്യധാന്യ കിറ്റ് വിതരണവും ഡി. സി.സി പ്രസിഡന്റ് സതീശൻ പാച്ചേനി നിർവ്വഹിക്കും.
സാമ്പത്തിക പരാധീനത കാരണം പാതിവഴിയിൽ നിലച്ചുപോയ അടച്ചുറപ്പുള്ള ഒരു വീടെന്ന സുനിൽ കുമാറിന്റ സ്വപ്നമാണ് ഇതോടെ യാഥാർത്ഥ്യമാകുന്നത്. കടുത്ത വൃക്കരോഗം അലട്ടിയിരുന്ന ഈ 52 കാരന്റെ ദുരിതം കണ്ടറിഞ്ഞ രാമന്തളിയിലെ സന്നദ്ധ സംഘടനയായ മഹാത്മ സ്മാരക കൾച്ചറൽ സെന്റർ, വീടിന്റെ നിർമ്മാണ പ്രവ്യത്തി പൂർത്തികരിച്ചു കൊടുക്കുവാൻ മുന്നോട്ടു വരികയായിരുന്നു.
ഭാര്യയും മകനുമുള്ള സുനിൽ കുമാറിന് 9 വർഷം മുമ്പാണ് വൃക്ക രോഗം പിടിപ്പെട്ടത്. ഓട്ടോ ഡ്രൈവറായ സുനിൽകുമാർ സുമനസുകളുടെ സഹായത്തിലാണ് കണ്ണൂർ ജില്ലാ ആശുപത്രിയിൽ നിന്നും ഡയാലിസസ് നടത്തി ജീവൻ നിലനിർത്തി വരുന്നത്. ലോക് ഡൗൺ കാലത്ത് ഡയാലിസിസിന് പോകാൻ വാഹനം ലഭിക്കാത്തതിനാൽ സുഹൃത്തിന്റെ ബൈക്കിനു പിറകിൽ ഇരുന്ന് ആശുപത്രിയിൽ പോകവെ ബൈക്ക് അപകടത്തിൽപ്പെട്ട് ഇരുകാലുകളിലും ഓപ്പറേഷൻ കഴിഞ്ഞ് പ്ലാസ്റ്റർ ഇട്ടത് ജീവിതം കൂടുതൽ ദുരിതപൂർണ്ണമാക്കി.