കാസർകോട്: ഉദ്ഘാടനത്തിന് തയ്യാറായ സ്‌പെയർ പാർട്സ് കടയിൽ തീപിടുത്തം. പള്ളത്തിങ്കാൽ പെട്രോൾ ബങ്കിന് തൊട്ടടുത്ത കെട്ടിടത്തിൽ തുടങ്ങാനിരുന്ന കടയിലാണ് ഇന്നലെ പുലർച്ചെ തീപിടുത്തമുണ്ടായത്. കടയിൽ നിറയെ സാധനങ്ങൾ സ്റ്റോക്ക് ചെയ്തിട്ടുണ്ടായിരുന്നു. തീയും പുകയും ഉയരുന്നത് കണ്ട് പരിസരവാസികൾ നോക്കിയപ്പോഴാണ് തീപിടിച്ചതെന്ന് മനസ്സിലായത്. ഉടൻ തന്നെ കുറ്റിക്കോൽ അഗ്നിശമന സേന വിഭാഗത്തിൽ വിവരം അറിയിച്ചു. വിവരമറിഞ്ഞ് ബേഡകം പൊലീസും സ്ഥലത്തെത്തി. നാട്ടുകാരുടെ സഹായത്തോടെ ഇവർ തീയണക്കുകയായിരുന്നു. അപ്പോഴേക്കും പൂർണമായും കത്തിനശിച്ചിരുന്നു. കടയുടെ മുൻവശത്തുള്ള ഫർണിച്ചർ കടയിലേക്കും പെടോൾ പമ്പിലേക്കും തീ പടരാതെ നോക്കിയതിനാൽ വലിയ അപകടം ഒഴിവായി. മൂന്ന് ലക്ഷം രൂപയുടെ നഷ്ടമുണ്ടായതായി കണക്കാക്കുന്നു.