കാസർകോട്: ബങ്കളത്തിന്റെ അഭിമാനം രാജ്യത്തോളം ഉയർത്തിയ ഇന്ത്യൻ വനിതാ ഫുട്‌ബാൾ താരം എസ്. ആര്യശ്രീയും കുടുംബവും ഇനി കല്ലും ഓലയും കൊണ്ട് മറച്ച കുടിലിൽ അന്തിയുറങ്ങേണ്ട... സർക്കാർ പണിയുന്ന പുതിയ വീട്ടിലേക്ക് ഇവർക്ക് ഉടനെ മാറാം. സ്വപ്നക്കൂടിലേക്ക് മാറുന്നതോടെ കുടുംബം അനുഭവിച്ച ദുരിതത്തിനും ശമനമാകും. എതിരാളികളെ നിഷ്പ്രഭമാക്കി ഇന്ത്യൻ വനിതാ ഫുട്‌ബാൾ ടീമിന്റെ പ്രതിരോധനിര കാത്ത ആര്യശ്രീക്ക് ഇത് ആഹ്ലാദത്തിന്റെ നാളുകളാണ്.
ആറാം ക്ലാസ് മുതൽ പന്ത് തട്ടി തുടങ്ങിയ ആര്യശ്രീ പരിശീലകൻ നിധീഷ് ബങ്കളത്തിന്റെയും കായികാദ്ധ്യാപിക പ്രീതിമോളുടെയും കീഴിൽ അഭ്യസിച്ചാണ് മികച്ച വനിതാ ഫുട്‌ബോളറായത്. കാസർകോടിനും കേരളത്തിനും വേണ്ടി ജേഴ്‌സിയണിഞ്ഞ ഈ മികച്ച ബാക്ക് ഡിഫൻഡർ സാഫ് ഗെയിംസിൽ ഇന്ത്യൻ ടീമിനുവേണ്ടി കളത്തിലിറങ്ങി. രാജ്യത്തിന്റെ ടീമിന് വേണ്ടി മംഗോളിയയിലും ഭൂട്ടാനിലും കളിച്ചു. ഭൂട്ടാൻ സാഫ് ഗെയിംസിൽ കിരീടം ചൂടിയാണ് തിരിച്ചെത്തിയത്. ആദ്യനാളുകളിൽ ഷൂ വാങ്ങി നൽകാൻ പോലും കാശില്ലാതെ കഷ്ടപ്പെട്ടെങ്കിലും മകളുടെ ഫുട്‌ബാൾ കമ്പത്തിന് 'നോ' പറയാതെയാണ് അച്ഛൻ കൊളക്കാട്ട് കുടിയിൽ ഷാജുവും അമ്മ ശാലിനിയും പ്രതീക്ഷകൾക്ക് ചിറകേകിയത്.
എട്ട് വർഷത്തോളം വാടക കുടിലിൽ ആയിരുന്നു താമസം. ആര്യ മൂന്നാം ക്ലാസിൽ പഠിക്കുമ്പോൾ നീലേശ്വരം നഗരസഭ പരിധിയിലെ രാംകണ്ടം എന്ന സ്ഥലത്ത് സ്വന്തം കുടിൽ പണിതു. ഇടത് കൈയുടെ സ്വാധീനകുറവ് നിമിത്തം 12 വർഷമായി ലോട്ടറി വിറ്റാണ് ഷാജു കഴിയുന്നത്. അമ്മ ശാലിനിയും കൂലിപ്പണിക്ക് പോകും. ആടിനെയും കോഴികളെയും വളർത്തുകയാണ് ഇപ്പോഴത്തെ വരുമാന മാർഗം. ബങ്കളം കക്കാട്ട് ജി.എച്ച്.എസ്.എസിൽ പ്ലസ്ടു വിദ്യാർത്ഥിനിയാണ് ആര്യശ്രീ. സഹോദരൻ അഭിനയ് ജോലികളിൽ മാതാപിതാക്കളെ സഹായിക്കും. ആര്യശ്രീയുടെ ഫുട്‌ബാൾ മികവും കുടുംബത്തിന്റെ പ്രാരാബ്ധവും കണക്കിലെടുത്താണ് കായിക വകുപ്പ് മന്ത്രി ഇ.പി ജയരാജൻ വീട് നിർമ്മിക്കാൻ 10 ലക്ഷം രൂപ അനുവദിച്ചത്.
മടിക്കൈ പഞ്ചായത്തിലെയും നീലേശ്വരം നഗരസഭയിലെയും സി.പി.എം നേതൃത്വവും ജനപ്രതിനിധികളും വീട് ലഭിക്കാൻ സർക്കാരിൽ സമ്മർദ്ദം ചെലുത്തിയിരുന്നു. ജില്ലാ സ്‌പോർട്‌സ് കൗൺസിൽ ഭരണസമിതി അംഗം അനിൽ ബങ്കളത്തിന്റെ ഇടപെടലും സഹായകരമായെന്ന് കുടുംബം പറയുന്നു. നീലേശ്വരം നഗരസഭ കൗൺസിലർ കെ. സുരേന്ദ്രൻ ചെയർമാനും ജില്ലാ സ്‌പോർട്‌സ് കൗൺസിൽ എക്‌സിക്യൂട്ടീവ് മെമ്പർ അനിൽ ബങ്കളം കൺവീനറുമായ കമ്മിറ്റിയാണ് വീട് പൂർത്തിയാക്കുന്നത്.
എല്ലാവരുടെയും സഹായത്താൽ എനിക്ക് ഈ നിലയിലെത്താൻ കഴിഞ്ഞു. ഫുട്‌ബാൾ തന്നെ എനിക്കൊരു വീടും തന്നു. വളരെ സന്തോഷമുണ്ട്. മന്ത്രിയോടും സ്‌പോർട്‌സ് കൗൺസിലിനോടും കടപ്പെട്ടിരിക്കുന്നു.
എസ്. ആര്യശ്രീ
സ്‌പോർട്‌സ് കൗൺസിലിന്റെയും പ്രസ്ഥാനത്തിന്റെയും ഇടപെടലിലാണ് ആര്യശ്രീക്ക് സർക്കാർ വീട് ഒരുങ്ങുന്നത്. കുടിവെള്ളം ലഭ്യമാക്കാൻ രണ്ട് ലക്ഷം കൂടി നൽകുന്നതിന് നടപടിയാകുന്നുണ്ട്.
അനിൽ ബങ്കളം (ജില്ലാ സ്‌പോർട്‌സ് കൗൺസിൽ എക്‌സിക്യൂട്ടീവ് അംഗം )