കാഞ്ഞങ്ങാട്: കോട്ടയം കുറവിലങ്ങാട് സ്വദേശിയും അയർലന്റ് ഡബ്ളിനിലെ താമസക്കാരനുമായ പിന്റോ ജേക്കബ് പൈക്കയിലെ യുവശില്പി റെനീഷ് അർളടുക്കത്തെ ഒരിക്കൽ പോലും നേരിട്ട് കണ്ടിട്ടില്ല. എന്നാൽ രണ്ട് രാജ്യങ്ങളിൽ കഴിയുന്ന ഇവർക്കിടയിൽ സൗഹൃദത്തിന്റെ പാലമായത് യേശുദേവൻ ശിഷ്യരുമൊത്തുള്ള തിരുവത്താഴ ശിൽപമാണ്. ശിൽപ്പം നിർമ്മിക്കുന്നുണ്ടെങ്കിൽ അതു റെനീഷിന്റെ കൈ കൊണ്ടു വേണമെന്ന നിർബന്ധമായിരുന്നു പിന്റോ ജേക്കബിന്. അങ്ങനെ കടലുകൾക്കപ്പുറത്തെ സൗഹൃദത്തിലൂടെ കടൽ കടക്കാനൊരുങ്ങുകയാണ് തിരുവത്താഴ ശിൽപ്പം.
സോഷ്യൽ മീഡിയയിലൂടെ റെനിഷിന്റെ ശിൽപ്പ വേലകൾ കണ്ടറിഞ്ഞ പിന്റോ ജേക്കബിനു മറിച്ച് ചിന്തിക്കേണ്ടി വന്നില്ല.കമുക് മരത്തിൽ എട്ടടി നീളവും നാലര അടി വീതിയിലുമാണ് ശില്പം. പോളിഷ് വർക്കുകൾ പൂർത്തിയാക്കി ഒരാഴ്ചക്കകം ശില്പം അയക്കും. ശില്പത്തിലെ ഒരു മുഖം പൂർത്തിയാക്കാൻ രണ്ടര ദിവസം വേണം. പന്ത്രണ്ട് മുഖങ്ങളും പൂർത്തിയാക്കാൻ രണ്ടു മാസമെടുത്തു. വിഖ്യാത ചിത്രകാരൻ ലിയനാഡോ ഡാവിഞ്ചിയുടെ വിശ്വപ്രസിദ്ധമായ ചിത്രത്തെ അധികരിച്ചാണ് റെനിഷിന്റെ ശില്പം തയ്യാറാകുന്നത്. പിന്റോ ജേക്കബ് പതിമൂന്നു വർഷമായി ഡബ്ളിനിലാണ്. പതിനെട്ട് വർഷം മുമ്പാണ് റെനിഷ് ശിൽപ നിർമ്മാണ രംഗത്തേക്ക് വന്നത്.
2017ൽ കൊല്ലത്ത് ഒരു വീട്ടിലേക്ക് ഭഗവത് ഗീതയുടെ ശിൽപം ഉണ്ടാക്കിയിരുന്നു. പത്തടി നീളമായിരുന്നു ഇതിന്. ശിൽപ്പ കലാരംഗത്തെ മികവിനു ഡോക്ടറേറ്റ് ലഭിച്ചിട്ടുണ്ട് റെനിഷിന്. 2017ൽ പള്ളിക്കര ബീച്ച് പാർക്കിൽ ലളിതകലാ അക്കാഡമി ഒരുക്കിയ ദേശീയ ശില്പശാലയിൽ പങ്കെടുത്ത 15 ശില്പികളിൽ ഒരാളാകാനും കഴിഞ്ഞതിൽ ഏറെ സന്തോഷമുണ്ടെന്ന് റെനിഷ് പറഞ്ഞു.