പിലാത്തറ: കല്യാശ്ശേരി മണ്ഡലത്തിലെ പിലാത്തറയിൽ നിർമ്മിച്ച ഇൻഡോർ സ്റ്റേഡിയത്തിന്റെ ഉദ്ഘാടനം ഓൺലൈനായി മുഖ്യമന്ത്രി പിണറായി വിജയൻ നിർവഹിച്ചു. ടി.വി രാജേഷ് എം.എൽ.എയുടെ ആസ്തി വികസന ഫണ്ടിൽ നിന്നും ഒരു കോടി രൂപയും സംസ്ഥാന സർക്കാരിന്റെ 1.82 കോടി രൂപയും ഉപയോഗിച്ചാണ് പിലാത്തറയിൽ ആധുനിക സജീകരണത്തോടെ സ്റ്റേഡിയം നിർമ്മിച്ചിരിക്കുന്നത്. ദേശീയ അന്തർദേശിയ നിലവാരത്തിലുള്ള മേപ്പിൾ വുഡ് ഫ്‌ളോറിംഗ് ചെയ്യുന്നതിന് എം.എൽ.എ ഫണ്ടിൽ നിന്നും 42 ലക്ഷം രൂപയുടെ ഭരണാനുമതി ലഭിച്ചു.
1118 ചതുരശ്രമീറ്റർ നീളത്തിൽ നിർമ്മിച്ചിരിക്കുന്ന സ്റ്റേഡിയത്തിൽ ബാസ്‌ക്കറ്റ് ബോൾ കോർട്ട്, വോളിബോൾ കോർട്ട്, 4 ഷട്ടിൽ കോർട്ട് എന്നിവയും ഒരുക്കിയിട്ടുണ്ട്. അരീന ലൈറ്റിംഗ് സംവിധാനം, രാത്രിയിൽ പരിശീലനം നടത്തുന്നതിന് എൽ.ഇ.ഡി ഫ്ളഡ് ലൈറ്റ് സംവിധാനവും ഉണ്ട്. 400ലധികം പേർക്ക് ഇരിക്കാവുന്ന ഗാലറിക്ക് പുറമെ 60000 ലിറ്റർ സംഭരണശേഷിയുള്ള ടാങ്കും നിർമ്മിച്ചിട്ടുണ്ട്. ചടങ്ങിൽ മന്ത്രി ഇ.പി. ജയരാജൻ അദ്ധ്യക്ഷത വഹിച്ചു. മന്ത്രി എ.സി മൊയ്തീൻ, മന്ത്രി എ.കെ ബാലൻ എന്നിവർ മുഖ്യാതിഥികളായി. എം.പിമാരായ രമ്യ ഹരിദാസ്, രാജ് മോഹൻ ഉണ്ണിത്താൻ, കായിക യുവജന കാര്യവകുപ്പ് സെക്രട്ടറി ടിങ്കു ബിസ്വാൾ, കായിക യുവജനക്ഷേമ വകുപ്പ് ഡയറക്ടർ ജെറോമിക് ജോർജ്ജ് എന്നിവർ സന്നിഹിതരായിരുന്നു. കായിക വകുപ്പ് ചീഫ് എൻജിനിയർ എസ് രാജീവ് റിപ്പോർട്ട് അവതരിപ്പിച്ചു.
പിലാത്തറയിൽ ടി.വി രാജേഷ് എം.എൽ.എ മുഖ്യാതിഥിയായി. കല്യാശേരി ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് വി.വി പ്രീത, ചെറുതാഴം പഞ്ചായത്ത് പ്രസിഡന്റ് പി. പ്രഭാവതി , സംസ്ഥാന സ്‌പോർട്സ് കൗൺസിൽ വൈസ് പ്രസിഡണ്ട് ഒ.കെ വിനീഷ്, ജില്ലാ സ്‌പോർട്സ് കൗൺസിൽ പ്രസിഡന്റ് കെ.കെ പവിത്രൻ, കായിക വകുപ്പ് എക്സിക്യൂട്ടീവ് എൻജിനിയർ അനന്തകൃഷ്ണൻ സംസാരിച്ചു.