തളിപ്പറമ്പ്: ന്യായവില മെഡിക്കൽ ഷോപ്പ് നവംബർ 1 ന് തുടങ്ങും. കണ്ണൂർ ഗവ. മെഡിക്കൽ കോളേജ് ആശുപത്രിയിൽ എച്ച്.ഡി.എസ് ന്യായവില മെഡിക്കൽഷോപ്പ് ആരംഭിക്കുന്ന പ്രവൃത്തി അവസാനഘട്ടത്തിലാണെന്ന് ആശുപത്രി സൂപ്രണ്ടും എച്ച്.ഡി.എസ് സെക്രട്ടറിയുമായ ഡോ. കെ. സുദീപ് അറിയിച്ചു. ആശുപത്രി രണ്ടാംനിലയിലെ പ്രധാന ഫാർമസി കോംപ്ലക്‌സ്, കാർഡിയോളജി വിഭാഗത്തിൽ, അഞ്ചാം നിലയിൽ എന്നിവിടങ്ങളിലായാണ് ന്യായവില ഫാർമസി തീരുമാനിച്ചിരിക്കുന്നത്. ഇതുസംബന്ധിച്ച നിർമ്മാണപ്രവർത്തനങ്ങൾക്ക് ഭരണാനുമതിയും സാങ്കേതികാനുമതിയും ലഭിച്ച സാഹചര്യത്തിൽ, അഡ്വാൻസ് തുക കൈമാറി നിർമ്മാണം നടത്തുന്നതിനായി സർക്കാരിന് കീഴിലുള്ള നിർമ്മിതികേന്ദ്രയെ ഏൽപ്പിച്ച് കഴിഞ്ഞിട്ടുണ്ട്.

ഫാർമസിയിലേക്കാവശ്യമായ മരുന്നുകൾ, മറ്റ് ചികിത്സാ ഉത്പ്പന്നങ്ങൾ തുടങ്ങിയ വിവിധ കമ്പനികളിൽ നിന്നും നേരിട്ട് വാങ്ങിക്കുന്നതിന്റെ ഭാഗമായുള്ള ക്വട്ടേഷൻ ക്ഷണിച്ച്, കമ്പനികളുമായുള്ള നെഗോസിയേഷൻ നടപടി അവസാനഘട്ടത്തിലാണ്. ഇതിനുശേഷം തെരഞ്ഞെടുക്കപ്പെടുന്ന കമ്പനികളുമായി കരാർ ഒപ്പുവെയ്ക്കുന്നതോടെ മെഡിക്കൽ ഷോപ്പ് പ്രവർത്തനമാരംഭിക്കും. കേരളപ്പിറവി ദിനത്തിൽ ഇതിന് കഴിയും വിധമാണ് പ്രവൃത്തികൾ പുരോഗമിക്കുന്നത്