തലശ്ശേരി: കൊവിഡ് കേസുകൾ കുതിച്ചുയരുകയും ആശുപത്രികളിൽ കർശന നിയന്ത്രണങ്ങളും മുൻ കരുതലും വന്നതോടെ ആശ്രയമില്ലാതെ മറ്റ് രോഗികളും ഗർഭിണികളും. ഇതോടെ സ്വാഭാവിക മരണസംഖ്യയിൽ വർദ്ധനവുണ്ടാവുന്നതായും വിലയിരുത്തപ്പെടുന്നു.
കൊവിഡ് വ്യാപനത്തിന്റെ ഭീതിയിൽ മറ്റ് രോഗികളും ഗർഭിണികളും പരിശോധനകൾക്കായി ആശുപത്രിയിൽ പോകാൻ മടിക്കുന്നുവെന്നതും, പോയാൽ തന്നെ രോഗിയെ മാത്രം അകത്തേക്ക് പ്രവേശിക്കുകയും കൂടെയുള്ള ഒരാളെ പോലും പ്രവേശിക്കാതിരിക്കുകയും ചെയ്യുന്നത് ആശങ്കയുണ്ടാക്കുന്നതാണ്. ഇത് രോഗികളെ കൂടുതൽ രോഗികളാക്കി മാറ്റുകയാണെന്നും പറയുന്നു.
സ്വകാര്യ ആശുപത്രികളിൽ എത്തിച്ചേരുന്ന സാധാരണ രോഗികളോടുള്ള സമീപനങ്ങൾ വളരെ മോശമാണെന്നും ആശുപത്രിയിൽ എത്തിച്ചേരുന്ന എല്ലാ രോഗികളേയും കൊവിഡ് രോഗികളായി ചിത്രീകരിക്കുകയും, ഭീതിപ്പെടുത്തുന്നതായും പരക്കെ ആക്ഷേപമുണ്ട്. ഗർഭിണികൾക്കും ഇതര രോഗികൾക്കും വയോധികർക്കും അവരുടെ വിഷമങ്ങൾ ഡോക്ടറോട് കൃത്യമായും പറയാൻ പലപ്പോഴും സാധ്യമാവാറില്ല. ഇത്തരക്കാർക്ക് പലപ്പോഴും ആശ്രയമാവുന്നത് കൂടെ പോകുന്ന അടുത്ത ബന്ധുക്കളായിരിക്കും. ഗർഭിണികളുടെ കൈയിൽ നിന്നും വല്ലതും നിലത്തേക്ക് വീണാൽ അത് കുനിഞ്ഞ് എടുക്കാനോ തലകറക്കം വന്നാൽ സഹായിക്കാനോ ആശുപത്രിയിൽ ആരുമില്ലാത്ത അവസ്ഥ വലിയ ദുരിതമായിരിക്കുന്നു.
സ്ത്രീകൾക്ക് നേരെയുള്ള അതിക്രമങ്ങളും പീഡനങ്ങളും വർധിച്ചു വരുന്ന സാഹചര്യങ്ങളിൽ രോഗബാധിതയായ പെൺകുട്ടിയെ തനിച്ച് ആശുപത്രിയിൽ പരിശോധനക്ക് അയക്കുന്നത് ഉചിതമല്ലെന്ന് രക്ഷിതാക്കളും അഭിപ്രായപ്പെടുന്നുണ്ട്.

ആശുപത്രികളിൽ എത്തുന്ന മുഴുവൻ രോഗികളോടും മൃദു സമീപനം കാണിക്കണം. രോഗിയോടൊപ്പം അടുത്ത ബന്ധുവായ ഒരാളെയെങ്കിലും ആശുപത്രിയിൽ പ്രവേശിപ്പിക്കാനും, അഡ്മിറ്റാവുന്നവരോടൊപ്പം കുറഞ്ഞത് ഒരാളെയെങ്കിലും കൂട്ടിരിപ്പിനായി അനുവദിക്കാനും തയ്യാറാവണം.

പൊതുപ്രവർത്തകർ