ഇരിട്ടി: റോഡ് പ്രവൃത്തിക്കായി മണ്ണ് നീക്കം ചെയ്യുന്നതിനിടെ ഗുഹ കണ്ടെത്തി. ഉളിക്കൽ -കോളിത്തട്ട് റോഡിൽ കേയാപറമ്പിലാണ് ഗുഹ കണ്ടെത്തിയത്. ഇതിനെത്തുടർന്ന് സമീപത്തെ 2 കുടുംബങ്ങളോട് മാറി താമസിക്കാനും അധികൃതർ നിർദ്ദേശം നൽകി.

ഉളിക്കൽ -അറബി -കോളിത്തട്ട് റോഡ് നവീകരണത്തിന്റെ ഭാഗമായി റോഡിലെ കയറ്റം കുറയ്ക്കുന്നതിനായി മണ്ണ് നീക്കം ചെയ്യുന്നതിനിടെയാണ് തിങ്കളാഴ്ച വൈകുന്നേരം 4 മണിയോടെ വൻ ഗുഹ കണ്ടെത്തിയത്.

പല ദിശയിലേക്കും ആഴത്തിലുള്ള ഗർത്തങ്ങൾ കണ്ടെത്തിയതിനാൽ ഗുഹക്ക് മുകളിലായി പണികഴിപ്പിച്ച 2 വീടുകളിലെ കുടുംബങ്ങളോടാണ് മാറിത്താമസിക്കാൻ അധികൃതർ നിർദ്ദേശം നൽകിയിട്ടുള്ളത് . ജിയോളജി വകുപ്പ് ഉദ്യോഗസ്ഥർ ഉൾപ്പെടെ സ്ഥലം സന്ദർശിച്ച ശേഷം മാത്രം റോഡിന്റെ തുടർ പ്രവൃത്തി നടത്തുകയുള്ളൂ. ഗുഹ കണ്ടെത്തിയ സ്ഥലം ചെങ്കൽ പാറ നിറഞ്ഞ പ്രദേശമാണ്. സംഭവമറിഞ്ഞ് നിരവധി ആളുകളാണ് സ്ഥലത്ത് എത്തിച്ചേർന്നത്. ഇതുവഴിയുള്ള ഗതാഗതം പൊതുമരാമത്തും പൊലീസും, ഫയർഫോഴ്സും ചേർന്ന് താൽകാലികമായി അടച്ചു.