ആറളം: മതിയായ ജീവനക്കാരില്ലാതെയും സഹായം ലഭിക്കാതെയും ഏഷ്യയിലെ ഏറ്റവും വിസ്തൃതമായ ആറളം ഫാമിംഗ് കോർപ്പറേഷൻ കടുത്ത പ്രതിസന്ധിയിലേക്ക്. പുനരധിവസിക്കപ്പെടുന്ന ആദിവാസി കുടുംബങ്ങൾക്ക് തൊഴിൽ ലഭ്യമാക്കുന്നതിനും ഫാമിന്റെ പരിസരപ്രദേശങ്ങളുടെ കാർഷിക വികസനത്തിനാവശ്യമായ പ്രവർത്തനങ്ങൾക്കും വേണ്ടിയാണ് കോർപ്പറേഷൻ രൂപീകരിച്ചത്. പത്തുകോടിയോളം രൂപയുടെ ലാഭം കിട്ടിയിരുന്നിടത്ത് താളം തെറ്റിയ അവസ്ഥയിലാണ് ഇതിന്റെ പ്രവർത്തനം.
തുടക്കത്തിൽ ഫാമിൽ 1000 തൊഴിലാളികളും നൂറോളം ഓഫീസ് ജീവനക്കാരും ഉണ്ടായിരുന്നു. ഉല്പാദനക്ഷമതയുള്ള തെങ്ങിൻ തൈകൾ, കശുമാവിൻ തൈകൾ, പച്ചക്കറി വിത്തുകൾ തുടങ്ങി കാർഷിക മേഖലയെ പരിപോഷിപ്പിക്കുന്നതിനാവശ്യമായ കാർഷികോല്പന്ന വിപണനവും ഫാമിൽ നടത്തിയിരുന്നു. പട്ടിക വർഗ്ഗ വികസന വകുപ്പിന്റെ കീഴിൽ പ്രവർത്തിക്കുന്ന ഫാമിൽ തൊഴിലാളികളുടെയും ഉദ്യോഗസ്ഥന്മാരുടെയും ശമ്പളമുൾപ്പെടെ ചെലവുകൾ ഫാമിൽ നിന്നുള്ള വരുമാനത്തിലാണ് നടത്തിയിരുന്നത്. എന്നാൽ കെടുകാര്യസ്ഥതയുടെ ഫലമായി കടുത്ത പ്രതിസന്ധി നേരിടുകയാണെന്നാണ് ആരോപണം.
ഇപ്പോൾ 15 ജീവനക്കാരും 350 തൊഴിലാളികളുമാണ് ഫാമിലുള്ളത്. കാട്ടാനയുടെ ആക്രമണത്തിൽ തൊഴിലാളികൾ കൊല്ലപ്പെട്ടതടക്കമുള്ള പ്രശ്നങ്ങളും പ്രതിസന്ധി വർദ്ധിപ്പിച്ചു.
നഴ്സറി വിപുലീകരിക്കണം
നല്ല നിലയിൽ പ്രവർത്തിച്ചിരുന്ന നഴ്സറിയുടെ തകർച്ചയാണ് ഇപ്പോഴത്തെ ഏറ്റവും വലിയ പ്രതിസന്ധി. നഴ്സറി വിപുലീകരിക്കേണ്ടത് അത്യാവശ്യമാണ്. ഫാമിനെ സംരക്ഷിക്കാൻ ചുറ്റുമതിലുകളും ഫെൻസിംഗും നിർമ്മിക്കണമെന്ന ആവശ്യവും ഉയരുന്നുണ്ട്. ആവശ്യത്തിനു തൊഴിലാളികളെയും ഉദ്യോഗസ്ഥന്മാരെയും നിയമിക്കുക, കൃഷി വകുപ്പിൽ നിന്നും ജില്ലാ പഞ്ചായത്തിൽ നിന്നും ആവശ്യമായ ഫണ്ട് അനുവദിക്കുക തുടങ്ങിയ ആവശ്യങ്ങളും മുന്നിലുണ്ട്.
'ഫാമിലെ തൊഴിലാളികളുടെ എണ്ണം 1300 ൽ നിന്ന് 350 ആകുകയും, ഉദ്യോഗസ്ഥർ 85 ൽ നിന്നും 15 ലെത്തുകയും ചെയ്തപ്പോൾ ഫാമിന്റെ പ്രവർത്തനങ്ങളുടെ താളം തെറ്റിയിരിക്കുന്നു. വന്യമൃഗശല്യം തടയുന്നതിന് കാര്യക്ഷമമായ പ്രവർത്തനം നടക്കുന്നില്ല. വന്യമൃഗശല്യം തടയാൻ ശക്തമായ ചുറ്റുമതിലും ഫെൻസിങ്ങും നിർമ്മിക്കുന്നതിനുള്ള നടപടികൾ സർക്കാരിന്റെ ഭാഗത്തുനിന്നുണ്ടാകണം. കള്ളുചെത്തുൾപ്പെടെ അനധികൃത പ്രവർത്തനങ്ങൾ നിർത്തണമെന്നാവശ്യപ്പെട്ട് ഹൈക്കോടതിയിൽ ഹർജി ഫയൽ ചെയ്തിട്ടുണ്ട്.
കെ.സി വിജയൻ, ജനറൽ സെക്രട്ടറി, കേരള പ്രദേശ് കോൺഗ്രസ്