കാഞ്ഞങ്ങാട്: ജുവലറി തട്ടിപ്പ് കേസിൽ പ്രതി എം.സി ഖമറുദ്ദീൻ എം.എൽ.എയുടെ പടന്ന എടച്ചാക്കൈയിലെ വീടിനു മുന്നിൽ ഗാന്ധിജയന്തി ദിനത്തിൽ ശ്രദ്ധ ക്ഷണിക്കൽ സമരം നടത്തുമെന്ന് കേരള പ്രവാസി സംഘം ഭാരവാഹികൾ വാർത്താസമ്മേളനത്തിലറിയിച്ചു.

നൂറുകണക്കിന് പ്രവാസികളിൽ നിന്ന് വൻ തുക വാങ്ങി കബളിപ്പിച്ച എം.എൽ.എ രാജിവയ്ക്കണമെന്നും അതിനു തയ്യാറായില്ലെങ്കിൽ പാർട്ടി അദ്ദേഹത്തെ പുറത്താക്കണമെന്നും പ്രവാസി സംഘം ആവശ്യപ്പെട്ടു. ശ്രദ്ധ ക്ഷണിക്കൽ സമരത്തിലൂടെ പ്രതിവിധി കണ്ടില്ലെങ്കിൽ എം.എൽ.എയുടെ വഴിതടയൽ ഉൾപ്പെടെയുള്ള സമരപരിപാടികൾ നടത്തുമെന്നും അവർ അറിയിച്ചു.

സമരം പി. കരുണാകരൻ ഉദ്ഘാടനം ചെയ്യും. വാർത്താസമ്മേളനത്തിൽ പി.കെ അബ്ദുള്ള, ജില്ലാ പ്രസിഡന്റ് ജലീൽ കാപ്പിൽ, സെക്രട്ടറി പി. ചന്ദ്രൻ, കെ.കെ രാജേന്ദ്രൻ, വി.വി കൃഷ്ണൻ, ഷാജി എടമുണ്ട എന്നിവർ സംബന്ധിച്ചു.