തൃക്കരിപ്പൂർ: നിർത്തിയിടുന്ന മോട്ടോർ ബൈക്കുകളിൽ നിന്നും പെട്രോൾ മോഷ്ടിക്കുന്നത് പതിവാകുന്നു.
തൃക്കരിപ്പൂർ ടൗൺ, വടക്കെ കൊവ്വൽ എന്നിവിടങ്ങളിലെ വീടുകൾക്കു മുന്നിൽ നിർത്തിയിട്ട വാഹനങ്ങളിൽ നിന്നുമാണ് പെട്രോൾ ഊറ്റിയെടുക്കുന്നത് പതിവാകുന്നത്. ബൈക്കുകളെ കേന്ദ്രീകരിച്ചാണ് പെട്രോൾ മോഷണം നടത്തുന്നതെന്ന് നാട്ടുകാർ പരാതിപ്പെടുന്നു.
കൊവിഡിന്റെ പശ്ചാതലത്തിൽ ആളുകൾ നേരത്തെ വീടുകളിൽ എത്തുന്നതും രാത്രികാല പട്രോളിംഗ് ഇല്ലാത്തതും മോഷ്ടാക്കൾ മുതലെടുക്കുകയാണ്. കഴിഞ്ഞ ദിവസങ്ങളിലായി വടക്കേകൊവ്വലിലെ എസി മെക്കാനിക്ക് കരീമിന്റെയും ഗ്രീൻ ടൂൾസ് സ്ഥാപന ഉടമ സുനീറിന്റെയും മോട്ടോർബൈക്കിലെ പെട്രോൾ മോഷ്ടാക്കൾ പൂർണ്ണമായും ഊറ്റിയെടുത്തു. പരിസര വീടുകളിലെ സിസി ടിവി കാമറ പരിശോധിച്ചും വരും ദിവസങ്ങളിൽ ജാഗ്രതയോടെ കാത്തിരുന്നും മോഷ്ടാക്കളെ കണ്ടെത്താനുള്ള ശ്രമത്തിലാണ് നാട്ടുകാർ.