പിലിക്കോട്: കൊവിഡ് വ്യാപനം ഭീതിജനകമായിരിക്കെ ബംഗാളികളായ തൊഴിലാളികളെയും വഹിച്ചുകൊണ്ടെത്തിയ ബസ് നാട്ടുകാർ തടഞ്ഞു. അതിർത്തി ചെക്ക് പോസ്റ്റിലും, ജില്ലാ അധികൃതരെയും അറിയിക്കാതെ പശ്ചിമബംഗാളിൽ നിന്നുള്ള തൊഴിലാളികളുമായെത്തിയ ബസാണ് തടഞ്ഞത്. കൊൽക്കത്തയിലെ കിനാൽ ഗട്ടിയിൽ നിന്നും 48 തൊഴിലാളികളുമായെത്തിയ ബസിനെ കാലിക്കടവ് ടൗണിൽ വെച്ചാണ് നാട്ടുകാർ തടഞ്ഞത്.

പടന്നയിലെ ഒരു ഏജൻ്റുമുഖേന എറണാകുളത്തെ ഒരു ട്രാവൽ ഏജൻസിയാണ് തൊഴിലാളികളെ എത്തിച്ചത്. ജില്ലയുടെ വിവിധ ഭാഗങ്ങളിൽ തൊഴിലുകൾ ചെയ്യാൻ എത്തിയവരായിരുന്നു ഇവർ. ഇതിൽ ഒരു സ്ത്രീയും കുട്ടിയും ഉണ്ടായിരുന്നു. ഇവരെ കാലിക്കടവിൽ ഇറക്കി താമസ സ്ഥലങ്ങളിലേക്ക് കൊണ്ടുപോകാനുള്ള ശ്രമത്തിലായിരുന്നു. ടൗണിൽ തൊഴിലാളികൾ ഇറങ്ങി നടന്നതാണ് നാട്ടുകാരെ ചൊടിപ്പിച്ചത്. തുടർന്ന് ചന്തേര പൊലീസ് എത്തിയാണ് രംഗം ശാന്തമാക്കിയത്. തൊഴിലാളികളെ അവർ താമസിക്കുന്ന ക്വാർട്ടേഴ്സുകളിൽ വന്ന ബസിൽ തന്നെ എത്തിക്കണമെന്നും, 14 ദിവസത്തെ ക്വാറന്റൈൻ വേണമെന്നും പൊലീസ് നിർദ്ദേശിച്ചു.