ഉദിനൂർ : സ്കൂളുകൾ അടഞ്ഞതിനാൽ ഒന്നിച്ചിരുന്നുള്ള പഠനം അസാദ്ധ്യമാണെങ്കിലും ഓൺലൈനിലൂടെ കുട്ടികൾക്ക് ലഭിക്കുന്നത് ലോകത്തിന്റെ പലഭാഗത്തുനിന്നുമുള്ള വിദഗ്ദരുടെ സേവനം.വിക്ടേഴ്സിലുള്ള പഠനത്തിന് പുറമെ സ്കൂളുകൾ സ്വന്തം നിലയ്ക്കുള്ള പ്രവർത്തനങ്ങളിലും വിദൂര രാജ്യങ്ങളിൽ നിന്നുള്ളവരുടെ സേവനം പോലും പ്രയോജനപ്പെടുത്തുകയാണിപ്പോൾ.
വൈവിധ്യമാർന്ന പരിപാടികളാണ് പല വിദ്യാലയങ്ങളും ഇത്തരത്തിൽ തയ്യാറാക്കുന്നത്. ക്ലബ് ഉദ്ഘാടനങ്ങൾ മുടങ്ങിയിരിക്കുന്ന പശ്ചാത്തലത്തിൽ ഉദിനൂർ സെൻട്രൽ എ.യു.പി സ്കൂളിന്റെ ഇംഗ്ലീഷ് ക്ലബ് ഓൺലൈൻ ഉദ്ഘാടനം നിർവഹിച്ചത് വടക്കേ അമേരിക്കൻ രാജ്യമായ മെക്സിക്കോയിയിലെ ഗൗതലജാറ സർവകലാശാല രസതന്ത്ര വിഭാഗം പ്രെഫസറും ഇംഗ്ലീഷ് ഭാഷാ പ്രചാരകയുമായ സാൻഡ്ര ഹായ്റയായിരുന്നു. സ്പാനിഷ് ചുവയുള്ള ഇംഗ്ളീഷ് ഉച്ചാരണം കുട്ടികൾ നന്നായി ആസ്വദിച്ചു. ചടങ്ങിന് ആശംസയർപ്പിച്ചതാകട്ടെ ബ്രസീലിലെ എസ്പിരിറ്റോ സാന്റോയിലെ ഇംഗ്ലീഷ് അദ്ധ്യാപകൻ വെബർ കെയ്സറും .
ഉദിനൂർ സെൻട്രൽ എ.യു.പി സ്കൂൾ അദ്ധ്യാപകനും എഴുത്തുകാരനുമായ എ.വി സന്തോഷ് കുമാർ തന്റെ ഫുൾബ്രൈറ്റ് ഫെലോഷിപ്പിന്റെ ഭാഗമായി അമേരിക്കയിൽ വച്ചാണ് സാൻഡ്രയുമായും വെബറുമായും പരിചയപ്പെടുന്നത്. എൽ.പി വിഭാഗം ഇംഗ്ലീഷ് ക്ലബിന്റെ ഉദ്ഘാടനം വിക്ടേഴ്സ് ചാനലിൽ രണ്ടാം ക്ലാസ് ഇംഗ്ലീഷ് കൈകാര്യം ചെയ്യുന്ന വി. എൽ നിഷയാണ് നിർവഹിച്ചത്. ഹെഡ്മാസ്റ്റർ സി. സുരേശനും ഓൺലൈൻ പരിപാടിയിൽ സംബന്ധിച്ചു. പൂർണ്ണമായും കുട്ടികൾ നിയന്ത്രിച്ച ചടങ്ങിൽ ഇംഗ്ലീഷ് ഫെസ്റ്റിന്റെ ഭാഗമായി വിവിധ പരിപാടികളും അരങ്ങേറി.