കണ്ണൂർ: ഇരുട്ടിനെ തോൽപ്പിച്ച നിരഞ്ജൻ രാജിന്റെ വഴികളിൽ വെളിച്ചം സഹപ്രവർത്തകരായിരുന്നു. അവർ സ്നേഹവും കരുതലും എല്ലാം നിരഞ്ജൻ രാജിന് പുതിയ പ്രകാശമായിരുന്നു. ജന്മം കൊണ്ട് കർണാടക സ്വദേശിയാണെങ്കിലും ഓർമ്മ വച്ച നാൾ മുതൽ കേരളത്തിൽ തന്നെയായിരുന്നു അദ്ദേഹത്തിന്റെ ജീവിതം. പറശ്ശിനിക്കടവ് ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് കോ- ഓപ്പറേറ്റീവ് മാനേജ്മെന്റ് ഡപ്യൂട്ടി ഡയറക്ടർ സ്ഥാനത്ത് നിന്നു ഡോ. ബി.നിരഞ്ജൻരാജ് വിരമിക്കുമ്പോൾ സഹപ്രവർത്തകരുടെ കണ്ണു നിറഞ്ഞതിന് പിന്നിൽ ശക്തമായ ഹൃദയബന്ധമായിരുന്നു.
1992 ൽ സഹകരണ പരിശീലന കൗൺസിലിൽ ലക്ചററായി ജോലിയിൽ പ്രവേശിച്ച നിരഞ്ജന് കാഴ്ച പരിമിതി ഒരിക്കലും ഒന്നിനും തടസ്സമായിരുന്നില്ല.സഹകരണ മേഖലയ്ക്ക് ജനകീയ മുഖം നൽകുന്നതിൽ അദ്ദേഹം എന്നും മുന്നിലായിരുന്നു. മൈസൂർ സർവകലാശാലയിലെ സഹകരണ ഫാക്കൽറ്റിയിൽ എം.എ.(സഹകരണം) ഒന്നാം റാങ്കിന്റെ സ്വർണ്ണ മെഡൽ കരസ്ഥമാക്കി. 1984 ൽ കർണാടക സഹകരണ വകുപ്പിൽ സഹകരണ ഇൻസ്പെക്ടർ പദവിയിലെത്തി. യു.ജി.സിയുടെ റിസർച്ച് ഫെല്ലോഷിപ്പും കരസ്ഥമാക്കി. മൂന്നര വർഷം കൊണ്ട് പി.എച്ച്.ഡിയും പൂർത്തിയാക്കി. സഹകരണ അക്കാഡമിക് തലങ്ങളിൽ വിലമതിക്കാനാകാത്ത സേവനമാണ് ഇദ്ദേഹം കാഴ്ച വച്ചിട്ടുള്ളത്.
കേരളത്തിന്റെ സേവനാവകാശ നിയമത്തെക്കുറിച്ച് സമഗ്രവും നിരൂപണാത്മകവുമായ പഠനം ,ഇന്ത്യൻ കോഫീ ഹൗസ് പഠനം, കേരളത്തിലെ സഹകരണ സംഘങ്ങളിലെ ജീവനക്കാർക്കായി പ്രത്യേക പ്രബന്ധം, അർബൻ സഹകരണ ബാങ്കുകളിലെ ജീവനക്കാരുടെ വേതനം സംബന്ധിച്ച പഠനം, വിവിധ ജില്ലകൾക്കായുള്ള ഐ.സി.ഡി.പി പ്രൊജെക്ടുകൾ, 97ാം ഭരണഘടന ഭേദഗതിയുമായി ബന്ധപ്പെട്ട വിവരങ്ങൾ സഹകരണ വകുപ്പിലും ചട്ടങ്ങളിലും ഉൾപ്പെടുത്തുവാൻ ഉപകരിക്കുന്ന രീതിയിലുള്ള മോണോഗ്രാഫ്, വിവിധ ശിൽപശാലകൾ തുടങ്ങി വിപുലമായ സേവനമാണ് നിരഞ്ജൻരാജിൽ നിന്ന് കേരള സഹകരണമേഖലയ്ക്ക് ലഭിച്ചത്. ഐ.സി.എം ഓരോ വർഷവും നടത്തി വരുന്ന നൂറോളം പരിപാടികളിലൂടെ ആയിരക്കണക്കിന് ഉദ്യോഗാർത്ഥികൾക്ക് സഹകരണ നിയമത്തെ കുറിച്ച് അദ്ദേഹത്തിനുള്ള അഗാധമായ അറിവ് പകർന്ന് നൽകുകയും ചെയ്തു.
പ്രായം കൂടും തോറും മനുഷ്യൻ കൂടുതൽ അനുഭവ സമ്പന്നനാകുമെന്ന പാഠം ഡോ.ബി.നിരഞ്ജൻ രാജിനെ സംബന്ധിച്ച് കൂടുതൽ അന്വർത്ഥമാണെന്ന് യാത്രയയപ്പ് ചടങ്ങിൽ ഐ..സി. എം ഡയറക്ടർ എം.വി.ശശികുമാർ പറഞ്ഞു. സ്റ്റാഫ് പ്രതിനിധികളായ ഷെർളി, സുധാകരൻ, പ്രഭാവതി, പ്രീതി, വിജേഷ്, രാജീവൻ, ഷംജിത്ത്, ഷീന എന്നിവർ പ്രസംഗിച്ചു.സീനിയർ ഫാക്കൽറ്റി വി.എൻ. ബാബു സ്വാഗതവും ഫാക്കൽറ്റിമെമ്പർ അഭിലാഷ് നന്ദിയും പറഞ്ഞു.