കണ്ണൂർ: ആനുകൂല്യങ്ങളും വേതനവുമില്ലാതെ വനം വകുപ്പിലെ വാച്ചർമാരുടെ ജീവിതം ദുരിതത്തിൽ. കാടിന്റെ അപകടകരമായ സാഹചര്യത്തിൽ ജീവനു പോലും സുരക്ഷയില്ലാതെ ജോലി ചെയ്യേണ്ടിവരുമ്പോഴാണ് ശമ്പളം വെട്ടിച്ചുരുക്കുന്നതുൾപ്പെടെയുള്ള നടപടികളുമായി വകുപ്പ് മുന്നോട്ടു പോകുന്നത്. ജില്ലയിൽ കണ്ണൂർ ഡിവിഷൻ ഓഫീസ്, തളിപ്പറമ്പ്, കണ്ണവം, കൊട്ടിയൂർ എന്നീ റേഞ്ച് ഓഫീസുകളുടെ കീഴിലായി നൂറോളം വാച്ചർമാരാണ് ജോലി ചെയ്യുന്നത്.
കാടിന്റെ സ്വഭാവമനുസരിച്ച് വൈൽഡ് ലൈഫ് മേഖല, ടൂറിസ്റ്റ് മേഖല, ടെറിട്ടോറിയൽ മേഖല എന്നിങ്ങനെ മൂന്ന് വിഭാഗമായി തിരിച്ചാണ് വേതനം നൽകുന്നത്. വൈൽഡ് ലൈഫ് മേഖലയാണ് അപകടം കൂടിയത്. എന്നാൽ അപകടം ഉണ്ടായാലോ, അസുഖം ബാധിച്ചോലോ ചികിത്സാ സഹായം പോലും ഇവർക്ക് ലഭിക്കുന്നില്ല. വേതനത്തോടൊപ്പം ലഭിക്കുന്ന ഫെസ്റ്റിവൽ അലവൻസുമില്ല. കഴിഞ്ഞ വർഷവും നാല് മാസത്തോളം ശമ്പള കുടിശികയുണ്ടായിരുന്നു. പ്രക്ഷോഭവും സമരവും നടത്തിയാണ് വേതനം ലഭിച്ചത്. ഈ വർഷവും അതേ സ്ഥിതിയാണ്. സർക്കാർ നിശ്ചയിച്ച മിനിമം വേതനം 2019 ൽ പാസായിട്ടും ഇതുവരെ ലഭിച്ചിട്ടില്ലെന്ന് വാച്ചർമാർ പറയുന്നു.
അഞ്ച് വർഷം മുതൽ 30 വർഷം വരെ സർവ്വീസുള്ള വാച്ചർമാർ നാല് ഡിവിഷനുകളിലായുണ്ട്. ഇവരിൽ പലരും താൽക്കാലിക ജീവനക്കാരാണ്. 60 വയസ് കഴിഞ്ഞവരും ഇതിലുൾപ്പെടുന്നു. എന്നാൽ വിരമിക്കുമ്പോൾ പെൻഷൻ ഉൾപ്പെടെ യാതൊരു ആനുകൂല്യങ്ങളും ഇവർക്ക് ലഭിക്കുന്നില്ല. അതിനാൽ അത്തരം ജീവനക്കാരെ സ്ഥിരപ്പെടുത്തി ആനുകൂല്യങ്ങൾ നൽകണമെന്നും ജീവനക്കാർ ആവശ്യപ്പെടുന്നു.
രേഖപ്പെടുത്തുന്നത് പകുതിയിൽ
കുറവ് പ്രവർത്തി ദിവസം മാതം
30 ദിവസം ജോലി ചെയ്താൽ 12,15 ദിവസത്തെ പ്രവർത്തി ദിവസം മാത്രമാണ് രേഖപ്പെടുത്തുന്നത്. ദിവസ വേതനത്തിന്റെ അടിസ്ഥാനത്തിൽ ഒരു ദിവസം 825 രൂപ വച്ചാണ് ഇപ്പോൾ നൽകുന്നത്.എന്നാൽ ഒരു മാസത്തെ മുഴുവൻ ശമ്പളവും ഇവർക്ക് ലഭിക്കുന്നില്ല. എസ്റ്റിമേറ്റ് വെട്ടിച്ചുരുക്കിയതിനാലാണ് മുഴുവൻ ശമ്പളവും നൽകാത്തതെന്നാണ് അധികൃതരുടെ വിശദീകരണം.
കഴിഞ്ഞ ആഗസ്റ്റിൽ സമരം നടത്തിയെങ്കിലും ആ മാസത്തെ ശമ്പളം ഇതുവരെ ലഭിച്ചിട്ടില്ല. താൽക്കാലിക ജീവനക്കാരെ സ്ഥിരപ്പെടുത്തുന്നതിനും നടപടിയില്ല. തുടർന്നും ശക്തമായ പ്രതിഷേധങ്ങൾ സംഘടിപ്പിക്കും.
യു. സഹദേവൻ, ജില്ലാ സെക്രട്ടറി, കേരള സ്റ്റേറ്റ് ഫോറസ്റ്റ് വർക്കേഴ്സ് യൂനിയൻ (എ.ഐ.ടി.യു.സി)