കണ്ണൂർ:( ചെറുകുന്ന് ) ഇരുപതിൽപരം വ്യത്യസ്ത വിദേശയിനം അലങ്കാരക്കോഴിക്കുഞ്ഞുങ്ങളെ കൊണ്ട് ശ്രദ്ധയാകർഷിക്കുകയാണ് ചെറുകുന്ന് പുന്നച്ചേരിയിലെ ബിലാവിനകത്ത് മുസ്തഫ . കുട്ടിക്കാലത്ത് പ്രാവുകളും ലൗ ബേർഡ്സുമൊക്കെയായി തുടങ്ങിയ പക്ഷികമ്പമാണ് ഇന്ന് ലോകത്തെ മികച്ച അലങ്കാരകോഴിക്കുഞ്ഞുങ്ങളെ വിതരണം ചെയ്യുന്നതിലേക്ക് എത്തിനിൽക്കുന്നത്.
ദുബായിമാർക്കറ്റിലെ അലങ്കാര കോഴി വിൽപ്പനയും പ്രദർശനവുമാണ് മുസ്തഫയെ അലങ്കാര കോഴി വളർത്തലിലെത്തിച്ചത്. ഒട്ടുമിക്ക വിദേശ രാജ്യങ്ങളിലെയും സൗന്ദര്യം തുളുമ്പുന്ന ഇനങ്ങൾ ഈ ഹാച്ചറിയിലെ അതിഥികളാണ് . 35000 വില വരുന്ന കൊളംബിയൻ ലൈറ്റ് ബ്രഹ്മ , ജപ്പാൻകാർ ദൈവത്തെ പോലെ ആരാധിക്കുന്ന ഒണഗഡോറി ,തൂക്കത്തിലെ മൂപ്പൻ കൊളംബിയൻ ബ്രഹ്മ, ഇത്തിരിക്കുഞ്ഞനായ മലേഷ്യൻ സെറാമ വരെ ഇവിടെയുണ്ട്. വാലിന് എട്ടു മീറ്റർ വരെ നീളമുണ്ട് ഒണഗഡോറിയ്ക്ക്. ഫോണിക്സാണ് നീളൻ വാലുള്ള മറ്റൊരിനം, പെൻലിൻ ലെഗ്, സെറാമ, ഫെവറോൾ, കൊശാമോ, ഫാൻസി കോഴികൾ,പോളിഷ് ക്യാപ്,സിൽകി,കോശിൻ ,കൊച്ചിൻ ബാന്റം,ഇറ്റാലിയൻ വൈറ്റ്,സബ്രട്ടീസ്..ബ്ലൂലൈസ്, ഫയോമി ഇങ്ങനെ നീളുന്നു ഇവിടത്തെ ഇനങ്ങൾ.
ചെറുതായി സമയം ചിലവിട്ടാൽ പോലും അലങ്കാര കോഴി വളർത്തൽ ലാഭകരമാാണെന്നാണ് ഈ യുവാവിന്റെ അഭിപ്രായം. വീടിനോട് ചേർന്ന് ചെറുതായി തുടങ്ങിയ സംരംഭം കഠിനാദ്ധ്വാനത്തിന്റെ ഫലമായി വലിയൊരു ഹാച്ചറി ഫാമായി മാറി. ജില്ലയിലെ തന്നെ പ്രധാന അലങ്കാര കോഴി ഹാച്ചറി ഫാം കർഷകനാണിപ്പോൾ മുസ്തഫ. മണ്ണുത്തി വെററിനറി ഫാമിൽ നിന്നും, മുണ്ടയാട് പോൾട്രി ഫാമിൽ നിന്നുമുള്ള വിദേശയിനങ്ങളാണ് ഇവിടെ കൂടുതൽ. എന്നാൽ കേരളത്തിലെ വിവിധ സ്ഥലങ്ങളിൽ കറങ്ങി അലങ്കാര കോഴികളെ കണ്ടെത്തി നാട്ടിലെത്തിച്ചാണ് മുസ്തഫ വിപണനം നടത്തുന്നത്. ഫേസ് ബുക്ക്, വാട്ട്സ് അപ്പ് കൂട്ടായ്മകൾ വഴിയും വിപണി കണ്ടെത്തിയിട്ടുണ്ട് മുസ്തഫ. ചെറുകുന്ന് മൃഗാശുപത്രി ഡോക്ടറുടെ നിർദ്ദേശവും പരിപാലനവും ഇദ്ദേഹത്തിന്റെ ഹാച്ചറിയ്ക്ക് ലഭിക്കുന്നുണ്ട്.
ഫോട്ടോ സത്യട്ടെൻ്റെ കയ്യിൽ