കാഞ്ഞങ്ങാട്: ജില്ലാ ആശുപത്രി ഇന്ന് മുതൽ കൊവിഡ് ആശുപത്രിയാകും. നിലവിൽ ഗുരുതരാവസ്ഥയിലുള്ള കൊവിഡ് രോഗികളെ ചികിത്സിക്കുന്നത് ഉക്കിനടുക്ക ഗവ. മെഡിക്കൽ കോളേജിലും മറ്റുള്ളവരെ ചികിത്സിക്കുന്നത് വീട്ടിലും, ഒൻപതു സി.എഫ്.എൽ.ടി.സികളിലും ആണ്. ഉക്കിനടുക്ക മെഡിക്കൽ കോളേജിൽ നിലവിലെ ഭൗതിക സാഹചര്യവും ജീവനക്കാരുടെ എണ്ണവും അനുസരിച്ചു കൂടുതൽ രോഗികളെ പ്രവേശിപ്പിക്കുവാൻ കഴിയാത്ത സാഹചര്യം ഉണ്ട്. ടാറ്റ ഹോസ്പിറ്റലിൽ ഭൗതികസാഹചര്യവും ഡോക്ടർമാരുടെയും സ്റ്റാഫിന്റേയും മറ്റുജീവനക്കാരുടെയും വിന്യാസം പൂർണമായി സജ്ജമാകുന്നതുവരെയാണ് ജില്ലാ ആശുപത്രി കൊവിഡ് ആശുപത്രിയാക്കുന്നത്.
ഇന്നലെ ഇവിടേക്ക് വേണ്ടുന്ന തസ്തികകൾ അനുവദിച്ചിട്ടുണ്ട്.
ജില്ലാ ആശുപത്രി കൊവിഡ് ആശുപത്രിയാക്കി മാറ്റുന്നതിനെതിരെ വ്യാപക പ്രതിഷേധം ഇതിനോടകം തന്നെ ഉയർന്നു കഴിഞ്ഞിട്ടുണ്ട്. എൻഡോസൾഫാൻ ദുരിത ബാധിതരായ നൂറിലധികം കുടുംബങ്ങളാണ് ആരോഗ്യവുമായി ബന്ധപ്പെട്ട് ജില്ലാശുപത്രിയെ ആശ്രയിക്കുന്നത്. കൂടുതൽ പേരും ഫിസിയോ തെറാപ്പിക്ക് വേണ്ടിയാണ് ഇവിടെയെത്തുന്നത്.
സൗകര്യങ്ങൾ അരികെ
നിലവിൽ ജില്ലാ ആശുപത്രിയിലെ സ്‌പെഷ്യാലിറ്റി സേവനങ്ങൾ ആറ് കി.മീ ചുറ്റലവിലുള്ള മറ്റ് സർക്കാർ ആശുപത്രികളിലേക്ക് മാറ്റും. സ്ത്രീ രോഗ ചികിത്സയ്ക്ക് ലക്ഷ്മി മേഘൻ ആശുപത്രിയിൽ 24 മണിക്കൂറും സേവനം ലഭ്യമാക്കും. താലൂക്ക് ആശുപത്രി നീലേശ്വരം, സി.എച്ച്.സി പെരിയ, പനത്തടി, ആനന്ദാശ്രമം, ജനറൽ ഹോസ്പിറ്റൽ കാസർകോട്, വയോജന വിശ്രമകേന്ദ്രം ചെമ്മട്ടംവയൽ എന്നിവയാണ് മറ്റ് ചികിത്സാകേന്ദ്രങ്ങൾ.
മാസത്തിൽ രണ്ടിൽ കൂടുതൽ പ്രാവശ്യം മകന് ന്യൂമോണിയ വരും, പിന്നെ മൊത്തം തളർച്ചയാണ്, ഒരാഴ്ചയോളം ആശുപത്രിയിൽ കഴിയേണ്ടിവരും. ഭർത്താവിന് കൂലിപ്പണിയാണ്, സ്വകാര്യ ആശുപത്രിയിലെ ചികിത്സ താങ്ങാൻ കഴിയില്ല. ജില്ലാ ആശുപത്രി മാത്രമാണ് ആശ്രയം.
എൻഡോസൾഫാൻ ദുരിതബാധിതനായ കുട്ടിയുടെ മാതാവ് സുമതി