നീലേശ്വരം: താലൂക്ക് ആശുപത്രിയിൽ പോലും പാലിക്കപ്പെടുന്നില്ല കൊവിഡ് മാനദണ്ഡങ്ങൾ. ഇവിടെ കൊവിഡ് പരിശോധനയ്ക്ക് വരുന്നവരും ക്വാറന്റൈൻ കാലാവധി കഴിഞ്ഞു വരുന്നവരും നിശ്ചിത അകലം പാലിക്കാതെയാണ് നിൽക്കുന്നതെന്ന ആക്ഷേപമുണ്ട്. രോഗമുള്ളവരും മറ്റ് രോഗികളുടെ കൂടെ കൂട്ടംകൂടി നിൽക്കുന്നുണ്ടാകാമെന്നാണ് പറയുന്നത്.

യാതൊരു നിയന്ത്രണവും ഇവിടെ ഏർപ്പെടുത്തുന്നില്ല. ഇന്നലെ മുൻകൂട്ടി രജിസ്റ്റർ ചെയ്ത രോഗിക്ക് ഏറെ സമയം കാത്തുനിൽക്കേണ്ട അവസ്ഥയാണുണ്ടായത്. മുൻകൂട്ടി രജിസ്റ്റർ ചെയ്തവർ കാത്ത് നിന്ന കൗണ്ടറിനടുത്ത് എത്തിയപ്പോഴാണ് വീണ്ടും രജിസ്റ്റർ ചെയ്യണമെന്ന അറിയിപ്പുണ്ടാകുന്നത്.

വിദേശത്ത് നിന്ന് കൊവിഡ് മാനദണ്ഡങ്ങൾ പാലിച്ച് ശാസ്ത്രീയ പരിശോധന കഴിഞ്ഞു നീലേശ്വരം താലൂക്ക് ആശുപത്രിയിൽ എത്തുമ്പോഴേക്കും ഇവിടെ യാതൊരു നിയന്ത്രണവുമില്ലെന്നാണ് പറയുന്നത്.