പഴയങ്ങാടി: മാട്ടൂൽ കുടുംബാരോഗ്യ കേന്ദ്രത്തിന്റെ അടിസ്ഥാന സൗകര്യവികസനത്തിന് സർക്കാർ 37.50 ലക്ഷം അനുവദിച്ചതായി ടി.വി രാജേഷ് എം.എൽ.എ അറിയിച്ചു. മാട്ടൂൽ പ്രാഥമിക ആരോഗ്യ കേന്ദ്രത്തെ സംസ്ഥാന സർക്കാർ ആർദ്രം ദൗത്യത്തിൽ ഉൾപ്പെടുത്തി കുടുംബാരോഗ്യ കേന്ദ്രമാക്കി ഉയർത്തുകയും മാർച്ച് 9ന് മന്ത്രി ഉദ്ഘാടനം നിർവ്വഹിക്കുകയും ചെയ്തിരുന്നു. കുടുംബാരോഗ്യ കേന്ദ്രമാക്കുന്നതിന്റെ ഭാഗമായി എം.എൽ.എ യുടെ ആസ്തി വികസന ഫണ്ടിൽ നിന്നും പന്ത്രണ്ട് ലക്ഷം, കല്യാശ്ശേരി ബ്ലോക്ക് പഞ്ചായത്ത് 16 ലക്ഷം, നാഷണൽ ഹെൽത്ത് മിഷൻ മുഖേന15 ലക്ഷം ഉൾപ്പടെ 41 ലക്ഷം രൂപയുടെ വികസന പ്രവർത്തനങ്ങളും സന്നദ്ധ സംഘടനകൾ, സഹകരണ സ്ഥാപനങ്ങൾ, വ്യക്തികൾ എന്നിവ വഴിയുള്ള വികസന പ്രവർത്തനങ്ങളും നടത്തുകയുണ്ടായി. കുടുംബാരോഗ്യ കേന്ദ്രത്തെ കൂടുതൽ മികച്ചതാക്കി തീർക്കാൻ സർക്കാരിന്റെ ധനസഹായം സഹായകരമാകുമെന്നും എം.എൽ.എ പറഞ്ഞു.