മാഹി: സ്വന്തം എം.പി ആരെന്ന് ചോദിച്ചാൽ മയ്യഴിക്കാർക്ക് എല്ലാരും ഉത്തരം പറയണമെന്നില്ല. മാഹിക്കാരനായ എം.എൽ.എയേയും അറിയാത്തവരുണ്ടാകും. എന്നാൽ ഹരിദാസനെ അറിയുമോയെന്നാണ് ചോദ്യമെങ്കിൽ ചൂണ്ടുവിരൽ നേരെ മാഹി ശ്രീകൃഷ്ണ ക്ഷേത്രം പരിസരത്തെ കൃഷ്ണ നിലയത്തിലേക്ക് നാളും. മയ്യഴിയിൽ ഇത്രയും നിറഞ്ഞുനിൽക്കുന്ന ഹരിദാസൻ വേറെ എവിടെയുമില്ല.
മാഹിയിൽ നടന്ന പരിപാടികളും സംഭവങ്ങളുമെല്ലാം കമ്പ്യൂട്ടറിനെക്കാൾ കൃത്യതയോടെ പറഞ്ഞുതരും. ജാതി മത ഭേദമെന്യേ ആര് മരിച്ചാലും അവിടെ എത്തും. പോയ ദിവസം വർഷം എത്ര കഴിഞ്ഞാലും ഓർമ്മയിലുണ്ടാകും. വിവാഹങ്ങളുടെ കാര്യവും ഇതുപോലെ തന്നെ. ദമ്പതിമാർ മറന്നാലും ആ തീയതി ഹരിദാസൻ മറക്കില്ല. ഏത് കലാ സാംസ്‌കാരിക പരിപാടികളിലും മുൻ നിരയിൽ തന്നെ ആദ്യാവസാനം പങ്കെടുക്കും. എല്ലാ രാഷ്ട്രീയക്കരോടും നല്ല സൗഹൃദം.
പിന്നിട്ട അമ്പതു വർഷത്തിനിടെ മയ്യഴിയിൽ നടന്ന എല്ലാ സംഭവങ്ങളും മരണങ്ങളും വിവാഹങ്ങളുമെല്ലാം ഹരിദാസൻ കൃത്യമായി പറയും.1960 തൊട്ടാണ് ഡയറി എഴുതിത്തുടങ്ങിയത്. ഇവയെല്ലാം മയ്യഴിയുടെ പ്രാദേശിക ചരിത്രരേഖ പോലെയാണിന്ന്. ശ്രീകൃഷ്ണ ക്ഷേത്രാങ്കണത്തിൽ കളിച്ചു വളർന്ന ഹരിദാസൻ, കുഞ്ഞുനാളിലേ ഭജനം പാടുകയും ,എഴുതുകയും ചെയ്യാറുണ്ട്. ഹാർമ്മോണിയം നന്നായി വായിക്കും. നാടകം ഹരിദാസന് പ്രാണനാണ്. എവിടെ നാടകമുണ്ടെങ്കിലും പോകും. നാടക റിഹേഴ്സലുണ്ടായാലും മതി.അതിലെ മുഴുവൻ ഡയലോഗുകളും ഹൃദിസ്ഥമാക്കും.
40 കൊല്ലം മുമ്പുള്ള നാടകത്തിന്റെ സംഭാഷണം പോലും ഇപ്പോഴും കൃത്യമായി പറയും. റിഹേഴ്സലുകളിൽ അഭിനേതാക്കൾക്ക് തെറ്റിപ്പോയാലും, ഹരിദാസന് തെറ്റില്ല. മയ്യഴിക്ക് പുറത്തും ട്രെയിൻയാത്രയാണ് മറ്റൊരു ഹരം.മയ്യഴിയിൽ നാലാൾ കൂടുന്ന ഇടങ്ങളിലെല്ലാം ഈ മനുഷ്യൻ എത്തിയിരിക്കും. അല്ലെങ്കിൽ ഒരു മണിക്കൂർ കാത്തിരുന്നാൽ മതി. അവിടെ ഈ 74കാരൻ എത്തും.
വൈദ്യുതി വകുപ്പിന്റെ ഇഷ്ട തോഴൻ
മയ്യഴി വൈദ്യുതി വകുപ്പിന്റെ ഇഷ്ട തോഴനാണ് ഹരിദാസൻ. വൈദ്യുതി വകപ്പിന്റെ ഏത് നിർമ്മാണ പ്രവർത്തനങ്ങളിലും വയറും ഉപകരണങ്ങളുമൊക്കെയായി ജീവനക്കാർക്കൊപ്പം ഈ മനുഷ്യനുമുണ്ടാകും. പുതിയ കണക്ഷൻ നൽകിയാൽ മീറ്റർ നമ്പർ ഉടമസ്ഥൻ മറന്നാലും ഹരിദാസൻ മറക്കില്ല.