കോഴിക്കോട്: കൊവിഡ് ബാധിച്ച മഞ്ചേരി സ്പെഷ്യൽ സബ് ജയിൽ സൂപ്രണ്ട് കോഴിക്കോട് ജില്ലാ ജയിൽ കാന്റീനിലെത്തിയ സംഭവത്തിൽ അച്ചടക്ക നടപടി എടുക്കാനാവില്ലെന്ന് ഉത്തരമേഖലാ ജയിൽ ഡി.ഐ.ജി വിനോദ്കുമാർ പറഞ്ഞു.
കൊവിഡ് സ്ഥിരീകരിക്കും മുമ്പാണ് അദ്ദേഹം കോഴിക്കോട് ജില്ലാ ജയിൽ കാന്റീനിൽ എത്തിയത്. കാന്റീൻ തടവുകാരെ പാർപ്പിക്കുന്ന കോമ്പൗണ്ടിന് പുറത്താണ്. അതിനാൽ അച്ചടക്ക ലംഘനമുണ്ടായതായി പറയാനാവില്ലെന്നും അദ്ദേഹം വ്യക്തമാക്കി. അതെസമയം പ്രശ്നം ജയിൽ ഡി.ജി.പിയുടെ മുന്നിൽ എത്തിയിട്ടുണ്ടെന്നാണ് അറിയുന്നത്. കൊവിഡ് പടരുന്നത് തടയാൻ ഡ്യൂട്ടിയിലുള്ള ജീവനക്കാരെ മാത്രമെ ജയിലിൽ പ്രവേശിപ്പിക്കാൻ പാടുള്ളൂവെന്ന് ജയിൽ ഡി.ജി.പി നേരത്തെ കർശന നിർദ്ദേശം നൽകിയിരുന്നു.
വെള്ളിയാഴ്ചയാണ് മഞ്ചേരി സ്പെഷ്യൽ സബ് ജയിലിലെ സൂപ്രണ്ട് അടക്കമുള്ള ജീവനക്കാർക്കും വനിതകൾ ഉൾപ്പെടെ തടവുകാർക്കും കൊവിഡ് സ്ഥിരീകരിച്ചത്. തടവുകാരെ മഞ്ചേരി മെഡിക്കൽ കോളേജിലെ ക്വാറന്റൈൻ സെന്ററിലേക്ക് മാറ്റി സബ് ജയിൽ അടക്കുകയായിരുന്നു. കഴിഞ്ഞ ദിവസം പെരിന്തൽമണ്ണ സബ് ജയിൽ സൂപ്രണ്ടിന് അധിക ചുമതല നൽകി ജയിലിന്റെ പ്രവർത്തനം ആരംഭിച്ചിട്ടുണ്ട്.പെരിന്തൽമണ്ണ, തിരൂർ ജയിലുകളിലെ ഏതാനും ജീവനക്കാരെ താത്ക്കാലികമായി മാറ്റിക്കൊണ്ടാണ് ജയലിലിന്റെ പ്രവർത്തനം ആരംഭിച്ചിട്ടുള്ളത്. വ്യാഴാഴ്ചയാണ് ജയിൽ സൂപ്രണ്ട് കോഴിക്കോട് ജില്ലാ ജയിലിലെത്തി ഭക്ഷണം കഴിച്ചത്. ചൊവ്വാഴ്ച നടന്ന കൊവിഡ് പരിശോധനയുടെ ഫലം വരുന്നത് വരെ കാത്തിരിക്കാൻ അദ്ദേഹം തയ്യാറായില്ല. ആരോഗ്യ വകുപ്പിന്റെ നിർദ്ദേശ പ്രകാരം കാന്റീൻ ജീവനക്കാർ നിരീക്ഷണത്തിൽ കഴിയുകയാണ്.